
പൊതുപ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രി വി. എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന കെ. എം ഷാജഹാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്
2006ൽ എന്നെ സി പി എമ്മിൽ നിന്ന് എന്നെ പുറത്താക്കിയത് വാർത്ത ചോർത്തി എന്ന് കുറ്റത്തിനായിരുന്നു. അന്ന് എനിക്ക് തന്ന കുറ്റപത്രത്തിൽ എന്റെ സ്വകാര്യ മൊബൈൽ ഫോണിൽ നിന്ന് പലരേയും വിളിച്ചതിന്റെ രേഖകളുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇത് മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരുന്നു. കുറ്റപത്രം ഒപ്പ് വച്ചത് അന്ന് പാർടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. പാർട്ടി കോടതി എന്നെ 3 മണിക്കൂർ നീണ്ട കുറ്റവിചാരണ നടത്തി. ശിക്ഷ വിധിച്ചു, പാർടിയിൽ നിന്ന് പുറത്താക്കി.
മലപ്പുറ സമ്മേളനത്തിന് ശേഷമാണെന്നാണ് ഓർമ്മ , എൻ എൻ കൃഷ്ണദാസും എ കെ ബാലനും പരസ്പരം ഫോൺ ചോർത്തി എന്ന ആരോപണം ഉയർന്നു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണീ കുറ്റം. പക്ഷേ പാർടി കോടതി അന്വേഷിച്ചു. കൃഷ്ണദാസിനായിരുന്നു ശിക്ഷ ലഭിച്ചത്.
പി. ശശിക്കെതിരെ ഒട്ടേറെ ഗുരുതരമായ സ്ത്രീ പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. പാർടി എം എൽ എ യുടെ മകളോട് മോശമായി പെരുമാറി എന്നതു വരെ ആരോപണങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യയിൽ നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാവുന്നതായിരുന്നു കുറ്റങ്ങൾ . ഇവിടേയും പാർടി കോടതി അന്വേഷിച്ചു. ശിക്ഷ പാർടിയിൽ നിന്ന് പുറത്താക്കൽ മാത്രം . നാളുകൾക്ക് ശേഷം ശശി പാർടി അഭിഭാഷകനായി തിരിച്ചെത്തി.
പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ, പാർടിയോഫീസിൽ വച്ച് മറ്റൊരു സ്ത്രീയുമായി പ്രകൃതി വിരുദ്ധ ബന്ധത്തിലേർപ്പെട്ടു എന്ന ആരോപണം തെളിവ് സഹിതം ഉയർന്നു. പാർടി കോടതി അന്വേഷിച്ചു. ഗോപി കോട്ടമുറിക്കലിനെ പാർടിയിൽ നിന്ന് പുറത്താക്കി. മാസങ്ങൾക്ക് ശേഷം പാർട്ടിയിലേക്ക് തിരിച്ചെടുത്തു.
ലാവലിൻ കേസിൽ പിണറായി വിജയൻ അഴിമതി നടത്തിയതിന്റെ തെളിവുകൾ സി. എ. ജി പുറത്ത് കൊണ്ടുവന്നു. പാർടി കോടതി ഇക്കാര്യം അന്വേഷിച്ചു. പിണറായി വിജയനെ കുറ്റവിമുക്തനാക്കി. ടി. പി വധക്കേസും പാർടി കോടതി വിശദമായി തന്നെ അന്വേഷിച്ചു. പ്രതി കെ. സി രാജഗോപാൽ മാത്രം . പക്ഷേ ഭരണഘടനന പ്രകാരം രൂപീകരിച്ച കോടതി ഒന്നിലധികം പാർടി നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു.
വ്യവസായിയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ പിണറായി സർക്കാർ അറസ്റ്റ് ചെയ്ത സക്കീർ ഹുസൈൻ കുറ്റക്കാരനല്ലെന്ന് പാർടി ജഡ്ജി ഇളമരം കരീം കണ്ടെത്തി. പക്ഷേ രാഷ്ട്രീയ എതിരാളികളാണെങ്കിലോ? വിജിലൻസ് അന്വേഷണം, ക്രൈം ബ്രാഞ്ച് അന്വേഷണം, ഗൂഢാലോചനാ കുറ്റം, അറസ്റ്റ്, ജയിൽ!
പാർട്ടി കോടതി നീണാൾ വാഴട്ടെ! പ്രതികളെല്ലാം രക്ഷപെടട്ടെ!
