പാവറട്ടി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്; കേരളത്തില്‍ ഉണ്ടാകുന്ന കസ്റ്റഡി മരണങ്ങൾ ഇനിമുതല്‍ സി.ബി.ഐ അന്വേഷിക്കാന്‍ മന്ത്രിസഭാ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing പാവറട്ടി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്; കേരളത്തില്‍ ഉണ്ടാകുന്ന കസ്റ്റഡി മരണങ്ങൾ ഇനിമുതല്‍ സി.ബി.ഐ അന്വേഷിക്കാന്‍ മന്ത്രിസഭാ തീരുമാനം

പാവറട്ടി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌താല്‍ ആ കേസുകളുടെ അന്വേഷണവും സി.ബിഐക്ക് കൈമാറാൻ തീരുമാനം ആയി. ഹരിയാനയിലെ ഒരു കസ്റ്റ‍‍ഡിമരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിന്‍റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു വിധിന്യായം.

കസ്റ്റഡി മരണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മതിയോ സി.ബി.ഐ വേണോ എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.

പാവറട്ടിയിലെ രഞ്ജിത്തിന്‍റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടുകൊണ്ട് തീരുമാനം നടപ്പാക്കി തുടങ്ങുകയാണ് സംസ്ഥാന സർക്കാർ. നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. എന്നാൽ മുൻകാല പ്രാബല്യത്തിൽ മറ്റ് കസ്റ്റഡി മരണക്കേസുകളും സി.ബി.ഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല.

പാവറട്ടിയിലെ കസ്റ്റഡി മരണ കേസിൽ ഇതു വരെ 5 എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ , എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

0Shares