പാലാരിവട്ടം മേൽപ്പാലം നന്നാക്കണമെങ്കിൽ ഇനിയും 18.71 കോടി ചെലവിടണം: നിർമ്മാണ കാലത്തെ അഴിമതിയിലേക്ക് വിരൽചൂണ്ടി ഇ. ശ്രീധരന്‍റെ റിപ്പോർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing പാലാരിവട്ടം മേൽപ്പാലം നന്നാക്കണമെങ്കിൽ ഇനിയും 18.71 കോടി ചെലവിടണം: നിർമ്മാണ കാലത്തെ  അഴിമതിയിലേക്ക് വിരൽചൂണ്ടി ഇ. ശ്രീധരന്‍റെ റിപ്പോർട്ട്

പാലാരിവട്ടം മേല്‍പാലത്തിന്‍റെ നിർമാണത്തിൽ നടന്ന അഴിമതിയുടെ വലിപ്പം ചൂണ്ടിക്കാട്ടുന്നതാണ് ഇ. ശ്രീധരൻ ഇന്നലെ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. പാലം ദുർബലമായ നിലയിലാണ് ഇപ്പോഴുള്ളത്. അടിത്തറയ്ക്ക് ബലക്ഷയമില്ല എന്നതിനാൽ മറ്റു ഭാഗങ്ങളിലെ പ്രശ്നം പരിഹരിച്ചാൽ മതി. ഇതിന് 18.71 കോടി രൂപയോളം ചെലവ് ഇനിയും വരും. പാലംപണി പൂർത്തീകരിക്കാൻ 41.27 കോടി രൂപയാണ് ചെലവാക്കിയിരുന്നത്.
മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞാണ് പ്രത്യേക അനുമതി നേടി പാലം പണി നടത്തിയത്.

തന്‍റെ സ്വന്തക്കാർക്ക് കോടികളുടെ അഴിമതി നടത്താൻ കുഞ്ഞ് വഴിയൊരുക്കി നൽകുകയായിരുന്നു ഈ പാലംപണിയിലൂടെയെന്ന് ആരോപണമുണ്ട്. പാലം പുനർനിർമിക്കേണ്ടതില്ലെന്നാണ് ഇ. ശ്രീധരന്‍റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. പാലത്തിന്‍റെ അടിത്തറയ്ക്ക് ബലക്ഷയം വന്നിട്ടില്ല എന്നതാണ് കാരണം. എന്നാൽ പാലത്തിന്‍റെ മറ്റു ഭാഗങ്ങളെല്ലാം ദുർബലവും സാങ്കേതികപ്പിഴവോടെ നിർമിക്കപ്പെട്ടവയുമായതിനാൽ ഉപയോഗയോഗ്യമല്ല.

പാലം നിർമിക്കാൻ ആകെ ചെലവായതിന്‍റെ പകുതിയോളം ഇനിയും ചെലവിട്ടാൽ മാത്രമേ ഈ പ്രശ്നങ്ങൾ ശരിയാക്കിയെടുക്കാൻ കഴിയൂ. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇക്കഴിഞ്ഞ മാസം പതിനേഴാംതിയ്യതിയാണ് ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പാലം പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഘാംഗമായിരുന്ന ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫ. അളഗസുന്ദരമൂർത്തി അഞ്ഞൂറിലേറെ പേജുള്ള റിപ്പോർട്ട‌് ശ്രീധരന‌് നൽകി.

പ്രൊഫ. മഹേഷ‌് ഠണ്ടൻ, ശ്രീഹരി കൺസ‌്ട്രക‌്ഷൻസ‌്, ഡി.എം.ആർ.സിയിലെ എൻജിനിയർമാർ എന്നിവരും റിപ്പോർട്ട‌് നൽകി. സംഘാംഗങ്ങളുമായി പലവട്ടം വീഡിയോ കോൺഫറൻസും ചർച്ചകളും നടത്തിയ ശേഷമാണ‌് അന്തിമ റിപ്പോർട്ട‌് വ്യാഴാഴ‌്ച മുഖ്യമന്ത്രിക്ക‌് നൽകിയത‌്. മെയ് ഒന്നാംതിയ്യതി പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ ചെറിയതോതിൽ തുടങ്ങിയിരുന്നു. വലിയ തോതിലുള്ള അറ്റകുറ്റപ്പണികളാണ് ഇ. ശ്രീധരൻ നിർദ്ദേശിച്ചിരിക്കുന്നത് എന്നതിനാൽ‌ പാലം ഗതാഗത യോഗ്യമാകാൻ ഇനിയും സമയം ഏറെയെടുക്കും.

പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതിൽ ജനങ്ങൾ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പാലത്തിന്‍റെ ആകെ 19 സ്പാനുകളിൽ 17ഉം മാറ്റണമെന്നാണ് ഇ. ശ്രീധരൻ നിർദ്ദേശിച്ചിരിക്കുന്നത്. സ്പാനുകൾക്കും തൂണുകൾക്കുമിടയിൽ ഉപയോഗിച്ചിട്ടുള്ള ലോഹ ബെയറിങ്ങുകൾക്ക് ഗുണമേന്മയില്ല. ഇവയെല്ലാം മാറ്റണം. തൂണുകൾക്കു മുകളിലെ പിയറും പിയർ ഗ്യാപ്പും ഇളകിയിട്ടുണ്ട്.

0Shares