പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി

  • Post category:news
  • Reading time:1 min read
You are currently viewing പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. മന്ത്രിയെന്ന നിലയിലും റോഡ്‌സ് ആന്‍ഡ്  ബിട്ജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും മേല്‍പ്പാലം നിര്‍മാണത്തില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണ വിധേയമാക്കുന്നത്.

കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പിന്നില്‍ ഇബ്രാഹിംകുഞ്ഞിന് ഗൂഡലക്ഷ്യമുണ്ടായിരുന്നുവെന്നു വിജിലന്‍സ് നേരത്തെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണ്.

പൊതുമേഖലാ ബാങ്കുകള്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സമയത്താണ് വെറും ഏഴ് ശതമാനം പലിശയ്ക്ക് പാലാരിവട്ടം മേല്‍പ്പാലം കരാറുകാരന് വായ്പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്‍റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

0Shares