
ഇടുക്കി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിലേക്ക് നീളുമ്പോള്‍ പരോക്ഷ ട്രോളുമായി മന്ത്രി എം. എം മണി. ‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വച്ചുള്ള പരിഹാസമാണെന്ന കമന്‍റുകളുമായി നിരവധിപേര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/mmmani.mundackal/posts/2440148909438444
അതേസമയം പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് വൈകുമെന്നാണ് സൂചന. ഇബ്രാഹിം കുഞ്ഞിനെ ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയേക്കും. പാലാ തെരഞ്ഞെടുപ്പിന് മുമ്പായി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയാല്‍ അത് രാഷ്ട്രീയവൈരാഗ്യമായി മാറുമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്.
അതേസമയം ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലന്‍സ് ഡയറക്ടർ വിളിച്ച യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെയും റോഡ്സ് ആന്‍റി ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
