
എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ യു.ഡി.എഫ് ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടര്‍ന്നാണ് നടപടി. കളമശ്ശേരി മണ്ഡലം എം.എല്‍.എ കൂടിയായ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് അന്വേഷണം നേരിടാനും യു.ഡി.എഫ് തയ്യാറാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എല്ലായിടത്തും പാലം, പാലം എന്ന് പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. അതേസമയം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കം മുന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ജാമ്യം അനുവദിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശ പ്രകാരം പാലാരിവട്ടം മേൽപ്പാല നിർമാണം വേഗം പൂർത്തിയാക്കുകയായിരുന്നുവെന്നാണ് കേസ് .
