പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടയങ്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. ഒലവക്കോട് സഹകരണ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച സുജിത്ത്. എലവഞ്ചേരിയില്‍ ബേബി കലാസമിതിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം.

പുതുവര്‍ഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി.