പാലക്കാട്ട് ഡോക്ടര്‍മാരായ അച്ഛനും മകനും വേലക്കാരിയെ പീഡിപ്പിച്ചു; മറച്ചുവക്കാന്‍ ആഭരണമോഷണം തിരക്കഥ

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട്ട് ഡോക്ടര്‍മാരായ അച്ഛനും മകനും വേലക്കാരിയെ പീഡിപ്പിച്ചു; മറച്ചുവക്കാന്‍ ആഭരണമോഷണം തിരക്കഥ

പാലക്കാട്: വീട്ടിനകത്തെ വിഗ്രഹത്തിലെ എഴുപതോളം പവന്‍ ആഭരണം മോഷണം പോയെന്ന കേസ് കള്ളമെന്ന് പോലിസ്. നഗരമധ്യത്തിലെ ഹോമിയോ ഡോ.പി.ജി. മേനോന്റെ വീട്ടില്‍നിന്നായിരുന്നു ആഴ്ചകള്‍ക്കു മുന്‍പ് സ്വര്‍ണം മോഷണം നടന്നതായി പോലിസ് സ്‌റ്റേഷനില്‍ പരാതിയെത്തിയിരുന്നു. അന്വേഷണത്തില്‍ മധ്യവയസ്‌കയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തത് മറച്ചുവെക്കാനായാണ് മോഷണക്കഥ മെനഞ്ഞതെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഡോ.പി.ജി. മേനോന്‍(80), മകന്‍ ഡോ. കൃഷ്ണമോഹന്‍(56) എന്നിവര്‍ക്കെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സെപ്റ്റംബര്‍ ഒന്‍പതിന് അര്‍ധരാത്രിയിലാണ് പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് സമീപത്തെ ഡോ. പി.ജി. മേനോന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി വന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ എഴുപതോളം പവന്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. എന്നാല്‍ മോഷണം നടത്തണമെങ്കില്‍ അഞ്ച് വാതിലുകള്‍ കടന്നാല്‍ മാത്രമേ വിഗ്രഹത്തിനടുത്തെത്താനാകൂ. എന്നാല്‍ ഒരു വാതില്‍പോലും പൊളിക്കാതെയാണ് വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്നിരിക്കുന്നത്. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ വീട്ടിലുള്ളവരുടെ വിരലടയാളങ്ങള്‍ മാത്രമാണ് ലഭിച്ചത്. വീട്ടിലെ ജോലിക്കാരിയായ അമ്പത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പായില്ല. മോഷണക്കുറ്റമാരോപിച്ച് മുമ്പും ഇവിടെനിന്ന് ജോലിക്കാരികളെ ഒഴിവാക്കിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് മോഷണം പോയെന്ന് പറയുന്ന ആഭരണങ്ങള്‍ പിന്നീട് വിഗ്രഹത്തിലുണ്ടായിരുന്നുവെന്നതാണ് പോലീസിന് സംശയം ജനിപ്പിച്ചത്. മോഷണത്തിന്റെ പേരില്‍ ഡോക്ടറും മകനും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇത് മറച്ചുവക്കാനായാണ് മോഷണംപോയെന്ന് വ്യാജ പരാതി നല്‍കിയത്. ഒന്നരവര്‍ഷം മുമ്പാണ് ജോലിക്കാരി വീട്ടിലെത്തിയത്. രണ്ടുമാസം കഴിഞ്ഞപ്പോള്‍ മേനോന്‍ ഇവരെ ബലാത്സംഗം ചെയ്തതായി സ്ത്രീ പോലീസിനോട് പറഞ്ഞു. പിന്നീട് വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനം തുടരുകയായിരുന്നു. രണ്ടുമാസത്തിന് ശേഷം ഡോക്ടറുടെ മകനും ബലാത്സംഗത്തിരയാക്കിയതായാണ് സ്ത്രീ പോലീസിന് മൊഴി നല്‍കിയത്. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന രാമനാഥപുരത്താണ് മകന്‍ കൃഷ്ണമോഹന്‍ താമസിക്കുന്നത്. എസ്.പി. പ്രതീഷ് കുമാര്‍, എ.എസ്.പി. പൂങ്കുഴലി, സി.ഐ. ആര്‍. ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

0Shares