
പാലാരിവട്ടം മേല്‍പ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. പാലത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഡറുകളെല്ലാം മാറ്റണമെന്നും ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷത്തിന് മേല്‍ ആയുസ് വേണ്ട പാലങ്ങള്‍ പൊടിക്കൈ കൊണ്ട് നിലനിര്‍ത്തുന്നത് ശരിയല്ലെന്നും ശ്രീധരന്‍ അറിയിച്ചു.
വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള കാരണം ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിന് ഡയഫ്രം ഉപയോഗിക്കാത്തതാണ്. പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിന് മിഡില്‍ ഡയഫ്രം ഉപയോഗിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ പാലങ്ങളില്‍ സംസ്ഥാനം ഏറ്റെടുത്ത് ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ദേശീയ പാത അതോറിറ്റിക്ക് സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് ശരിയല്ല.

പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെയല്ല എന്‍ജിനിയര്‍മാരെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് വന്നാല്‍ പാലം നന്നാകില്ല. തിരുനാവായ, പെരിന്തല്‍മണ്ണ മേല്‍പ്പാലങ്ങള്‍ക്കും ഇതുതന്നെയാണ് സംഭവിച്ചത്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവര്‍ത്തിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.
കൊച്ചിയില്‍ ഡി.എം.ആര്‍.സി സ്വന്തം ഡിസൈനില്‍ നിര്‍മ്മിച്ച നാല് പാലങ്ങളുടെയും നിര്‍മ്മാണം സമയബന്ധിതമായി ചുരുങ്ങിയ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളി മേല്‍പ്പാലത്തിന് 54.23 കോടിയായിരുന്ന എസ്റ്റിമേറ്റ്. ഫുട് ഓവര്‍ ബ്രിഡ്ജും എസ്‌കലേറ്ററും നിര്‍മ്മിക്കണ്ട അഞ്ച് കോടിയുടെ പണി ഡി.എം.ആര്‍.സി ചെയ്തിട്ടില്ല. 33.12 കോടിയ്ക്ക് പണി പൂര്‍ത്തിയായതിനാല്‍ മൊത്തം പദ്ധതി സംഖ്യയില്‍ 16.11 കോടി രൂപ മടക്കി നല്‍കിയതായും ശ്രീധരന്‍ അറിയിച്ചു.
