
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്.
ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി.പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കുന്ന വേളയില്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ സോണിയ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി.

നേതാക്കളോടു വിസമ്മതം അറിയിച്ചെങ്കിലും ഒരു ദേശീയ ചാനലിന്‍റെ ഇതുസംബന്ധിച്ച ചോദ്യത്തിന് അനുകൂലമായോ പ്രതികൂലമായോ സോണിയ ഉത്തരം നൽകിയില്ല. ആരോഗ്യപ്രശ്നങ്ങളും പദവി സ്വീകരിക്കുന്നതില്‍നിന്നു സോണിയയെ പിന്തിരിപ്പിക്കുന്നുണ്ട്. 72-കാരിയായ അവർ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലടക്കം സജീവമാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് പാർട്ടി നേതാക്കള്‍ പറയുന്നു.കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും മുന്നോട്ട് പോകുന്നില്ല.
ബി.ജെ.പിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. പാർട്ടിയധ്യക്ഷനെ തീരുമാനിക്കാനായി അടുത്തയാഴ്ച ചേരാനിരുന്ന പ്രവര്‍ത്തകസമിതി യോഗവും അനിശ്ചിതത്വത്തിലാണ്. രണ്ടുസംസ്ഥാനങ്ങളില്‍ പാര്‍ട്ടി എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്കു കൂറുമാറിക്കൊണ്ടിരിക്കുന്നഘട്ടത്തില്‍ പ്രവര്‍ത്തകസമിതി യോഗം വൈകാനാണു സാധ്യത.
സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രവര്‍ത്തകസമിതി അംഗങ്ങളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാംനബി ആസാദ്, സിദ്ധരാമയ്യ എന്നിവര്‍ കര്‍ണാടകത്തിൽ രാഷ്ട്രീയപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഗോവയില്‍ ബാക്കിയുള്ള എം.എല്‍.എ.മാരെയെങ്കിലും സംരക്ഷിക്കാന്‍ ദേശീയനേതൃത്വം ഇടപെടേണ്ട അവസ്ഥയുമുണ്ട്.പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പോലും നേതാക്കള്‍ ഒത്തുകൂടുന്നില്ല. നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കര്‍ണ്ണാടകത്തിലും,ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
