തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവച്ചു. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് ഉച്ചയ്ക്ക് തീരുമാനിക്കും. അതേസമയം പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടരവര്‍ഷം കൊണ്ട് 9600 കോടിയുടെ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിയതെന്നും സംസ്ഥാനം നേരിട്ട വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും വകുപ്പ് നന്നായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ബംഗലൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കത്ത് നേരത്തെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ഏല്‍പിച്ചിരുന്നു. ജെഡിഎസിന്റെ ആഭ്യന്തരകാര്യം എന്ന നിലക്ക് സി.പി.എമ്മും തീരുമാനത്തോട് യോജിക്കുകയായിരുന്നു. ഉടന്‍ എല്‍.ഡി.എഫ് ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും.