
തിരുവനന്തപുരം നഗരത്തിലെ ആക്കുളത്ത് ഉയരുന്ന ലുലു മാളിന് പാരിസ്ഥിതിക അനുമതി നല്‍കിയത് നിയമ വിരുദ്ധമായാണെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ സലിം സമര്‍പ്പിച്ച അന്യായത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും ലുലു മാള്‍ മാനേജ്‌മെന്റിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. 1,50,000 ചതുരശ്ര മീറ്ററിന് മേല്‍ കാര്‍പറ്റ് ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് പാരിസ്ഥിതികാനുമതി നല്‍കേണ്ടത്.

ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ 2,32,400 കാര്‍പ്പറ്റ് ഏരിയയാണ്. ഇതിനു പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുന്നത് കേരള എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്സമെന്റ് അഥോറിറ്റിയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് സലിമിന്‍റെ പരാതി. ജൂലൈ 18ന് അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്‍ മുഖാന്തരം സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജയശങ്കരന്‍ നമ്പ്യാരും അങ്ങുന്ന ബെഞ്ച് എതിര്‍ കക്ഷികളായ ചീഫ് സെക്രട്ടറി, തിരുവനന്തപുരം കലക്ടര്‍, പരിസ്ഥിതി അഥോറിറ്റി, കോര്‍പ്പറേഷന്‍, ലുലു മാള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
പാരിസ്ഥിതിക ശൈഥല്യം നേരിടുന്നതും പ്രതിരോധ താല്‍പര്യ പ്രാധാന്യം ഉള്ളതുമായ പ്രദേശത്താണ് ഈ കൂറ്റന്‍ മാള്‍ പണിയുന്നതെന്തം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.എസ്.ആര്‍ഒ , ബ്രഹ്മോസ്, ദക്ഷിണ നാവിക കമാന്റ്, തുടങ്ങിയ നിര്‍ണ്ണായക പ്രതിരോധ – ഗവേഷണ സ്ഥാപനങ്ങ8ക്ക് അടുത്താണ് ഈ നിര്‍മാണം – ഈ സ്ഥാപനങ്ങളെ കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്യാതെ പരിസ്ഥിതികാനുമതിപത്രത്തില്‍ പാങ്ങോട് മിലട്ടറി ക്യാമ്പ് ഇവിടെ നിന്നും 12 കി.മി. അകലെയാണെന്നും മാത്രമാണ് പറയുന്നത്. അതിലുപരി അങ്ങേയറ്റം പരിസ്ഥിതി ലോലമായ സി.ആര്‍.സോണ്‍ മൂന്നില്‍ പെട്ട തണ്ണീര്‍ തടത്തിലാണ് ഈ നിര്‍മാണം. ഇവിടെ ഒരു വലിയ പ്രദേശം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ കടുത്ത ജലക്ഷാമത്തിന് വഴിവെക്കുന്ന ഭീകര പാരിസ്ഥിതിക ദുരന്തമാകും. – ഹര്‍ജിയില്‍ പറയുന്നു
