ലഖ്നൗ: ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ടും മോഷണം. ഉത്തര്‍പ്രദേശിലെ മെസ്തോണ്‍ ഗഞ്ചിലെ റാംപൂരിലാണ് സംഭവം. കടയുടമയെ ഭയപ്പെടുത്തിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ജൂവലറിയുടമ പരിതോഷ് ചാന്ദിവാല നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈമാസം25 നായിരുന്നു സംഭവം. ബുര്‍ഖ ധരിച്ച രണ്ട് യുവതികളാണ് കയ്യില്‍ ഒരു സഞ്ചിയുമായി ജൂവലറിയിലെത്തിയത്. വിവാഹ ആവശ്യത്തിന് സ്വര്‍ണം വേണമെന്ന് പറഞ്ഞാണ് യുവതികള്‍ സ്വര്‍ണാഭരങ്ങളുടെ പരിശോധന തുടങ്ങിയത്.
ശേഷം സഞ്ചിക്കുള്ളുലുണ്ടായിരുന്ന പാമ്പിനെ തുറന്നുവിട്ടു. ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഭയം താന്‍ കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്ന് പരിതോഷ് പറഞ്ഞു. ഉടമ പുറത്തേക്ക് ഓടിയ തക്കത്തിന് യുവതികള്‍ ജൂവലറിയില്‍ നിന്ന് 151 ഗ്രാം സ്വര്‍ണം മോഷ്ടിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജൂവലറി ഉടമയോട് ആവശ്യപ്പെട്ടതായും പോലീസ് അറിയിച്ചു.
