
ഭക്ഷണം കഴിച്ച പോലീസുകാരോട് പണം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി മുഴക്കിയതായും ഇതു ചോദ്യം ചെയ്തതിന്‍റെ പ്രതികാരമായി പിറ്റേദിവസം സഞ്ചരിക്കുന്ന തട്ടുകട പോലീസെത്തി പൂട്ടിച്ചെന്നും യുവാക്കളുടെ പരാതി. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെയുള്ളവർക്ക് എഞ്ചിനീയറിങ് ബിരുദധാരികളായ യുവാക്കള്‍ പരാതി നല്‍കി. പരുത്തിപ്പാറയില്‍ സ്ഥലവാസികളായ അഖിലും അരവിന്ദും നടത്തുന്ന ഫാസ്റ്റ് ഫുഡ് കടയാണ് ഡി.ജി.പി ഓഫീസിലെ എസ്.ഐയും സംഘവും പൂട്ടിച്ചതെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് യുവാക്കൾ പറയുന്നത്:
‘രാത്രി 12നു കടയടച്ച നേരം എസ്.ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ടു കട തുറപ്പിച്ചു. തങ്ങള്‍ക്ക് കഴിക്കാനായി മാറ്റിവച്ച ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇതാണ് എസ്.ഐയ്ക്ക് നല്‍കിയത്. കഴിച്ചു കഴിഞ്ഞയുടന്‍, തണുത്തുപോയ ഭക്ഷണത്തിന് പണമില്ലെന്ന് എസ്.ഐ പറഞ്ഞു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഒടുവില്‍ ആഹാരം കഴിച്ചവര്‍ പോലീസുകാരാണെന്ന് മനസ്സിലായതോടെ യുവാക്കള്‍ പിന്മാറുകയായിരുന്നു.

എസ്.ഐയും സംഘവും മടങ്ങിയ ഉടന്‍ പേരൂര്‍ക്കടയില്‍ നിന്ന് പോലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി. തൊട്ടടുത്ത ദിവസം ഭക്ഷണം തയ്യാറാക്കി കഴിഞ്ഞയുടന്‍ പേരൂര്‍ക്കട പോലീസെത്തി കടപൂട്ടിച്ചു. സ്റ്റേഷന്‍പരിധിയില്‍ കട കാണരുതെന്നും ഉദ്യോഗസ്ഥര്‍ താക്കീതു നല്‍കി. ഒടുവില്‍ ഡി.ജി.പി ഓഫീസിലെത്തി യുവാക്കള്‍ എസ്.ഐയോട് മാപ്പു പറഞ്ഞെങ്കിലും കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പേരൂര്‍ക്കട പോലീസ് സമ്മതിച്ചില്ല. കട തുറക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ വ്യാപാരിവ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു. സമിതി ഇടപെട്ടിട്ടും പോലീസ് പിന്മാറിയില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്ന് യുവാക്കള്‍ പറയുന്നു.
എന്നാല്‍, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ശരിയല്ല. മോശം ഭക്ഷണം വിളമ്പിയതിനെയാണ് ഡി.ജി.പി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് പേരൂര്‍ക്കട സി.ഐ പറയുന്നു. കട നടത്തുന്നവര്‍ ഇതിന്‍റെ പേരില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു സംരംഭകര്‍ തന്നെയാണ് കട പൂട്ടിപോയത്. സ്റ്റേഷന്‍ പരിധിയില്‍ മോശം ഭക്ഷണം വില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. ഇക്കാര്യങ്ങള്‍ വളച്ചൊടിച്ചാണു പരാതി നല്‍കിയതെന്നും അദ്ദേഹം പറയുന്നു.
