ഇസ്ലാമബാദ്: ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിലെ ക്വറ്റയില്‍ ബോംബേറും വെടിവപ്പും. കനത്ത സുരക്ഷയിലും ബലൂചിസ്ഥാനിലെ ക്വറ്റയില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്പിനു നേരെയും ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായിട്ടുണ്ട്. പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നിരവധി അക്രമണങ്ങളാണ് ഭീകരര്‍ നടത്തിയിരിക്കുന്നത്.
രാജ്യത്ത് 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പോളിങ് സ്റ്റേഷന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിന് ഇത്രയും വലിയ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തുന്നത്. ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും 40 പേര്‍ക്ക് പരിക്കേറ്റതായും ക്വറ്റ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അബ്ദുല്‍ റസാഖ് ഷീമാ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് കുട്ടികളും ഉള്‍പ്പെടും. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയുണ്ടായ ബോംബേറിലും വെടിവയ്പ്പിലും ഭയന്ന ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പുറത്തിറങ്ങാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും റസാഖ് വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടേ വന്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്