ജമ്മു: അതിര്‍ത്തിയിലെ പ്രകോപനത്തിന് ഇനി കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെയും ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെയും (ബി.എസ്.എഫ്) സീനിയര്‍ സെക്ടര്‍ കമാന്‍ഡര്‍മാരുടെയും ചര്‍ച്ചയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ നടത്തുന്ന ആക്രമണത്തിന് തുല്യവും ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടതെന്ന് ബി.എസ്.എഫ് വ്യക്തമാക്കി. ജമ്മു പാക്ക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനപരമായ വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം. സംഘര്‍ഷാവസ്ഥയിലായിരുന്നതിനാല്‍ ഏഴു മാസത്തിനു ശേഷമാണ് ഇരുകൂട്ടരും തമ്മിലുള്ള ഒരു ഫ്‌ലാഗ് മീറ്റിങ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് 17 ഉദ്യോഗസ്ഥരും പാകിസ്ഥാന്റെ 14 പേരുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഇതിനു മുന്‍പ് മാര്‍ച്ച് ഒന്‍പതിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലെ സുചേത്ഗഢ് മേഖലയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പാകിസ്താന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു യോഗം ചേര്‍ന്നതെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ തുടരുമെന്ന് ധാരണയായതായും വക്താവ് അറിയിച്ചു. നേരത്തേ നടന്ന കൂടിക്കാഴ്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും തീരുമാനമായി. ചെറിയ വിഷയങ്ങളില്‍ ഉടനെ പരിഹാരം കാണുന്നതിന് അതിര്‍ത്തിയിലെ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ; ഇനി വിട്ടുവീഴ്ചയില്ല; അതിര്‍ത്തിയിലെ പ്രകോപനത്തിന് കനത്ത തിരിച്ചടിയുണ്ടാകും