നെടുമ്പാശേരി: നിലവാരം കുറഞ്ഞ പവര്‍ബാങ്കുമായി ഇനി നെടുമ്പാശേരി വിമാനത്താവളത്തില്‍ വരണ്ട. മൊബൈല്‍ഫോണ്‍ ചാര്‍ജ്‌ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബിസിഎഎസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പവര്‍ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. ഇതനുസരിച്ച് ഇനിമുതല്‍ പവര്‍ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ല. പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടുപോകാമെന്നും പറയുന്നു. പാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ബാങ്കുകള്‍ രണ്ടു ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തി. നിര്‍ദേശം മറികടന്ന് ചെക്ക്ഇന്‍ ബാഗേജില്‍ പവര്‍ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അതു കണ്ടുകെട്ടും. യാത്രക്കാരെ തുടര്‍പരിശോധനകള്‍ക്കായി വിളിപ്പിക്കുകയുംചെയ്യും. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയക്കുന്നതിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പല വിമാനത്താവളങ്ങളിലെയും സെക്യൂരിറ്റീസ് വിഭാഗം, സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകളില്‍ കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കുന്നു. ഇത്തരം പവര്‍ബാങ്കുകള്‍ അനായാസം തുറക്കാനാകും. കളിമണ്‍ ബാറ്ററികള്‍ മാറ്റി പകരം രാസവസ്തുകള്‍ നിറയ്ക്കാനും അവയെ സമാന്തര സ്‌ഫോടകവസ്തുവായി ഉപയോഗിക്കാനും കഴിയും. മംഗളൂരു വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍നിന്ന് ഇത്തരത്തില്‍ മാറ്റംവരുത്തിയ പവര്‍ബാങ്ക് പിടിച്ചെടുത്തിരുന്നു. ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയ്ക്കുള്ള പവര്‍ബാങ്കുകളും നാടന്‍ പവര്‍ബാങ്കുകളും കഴിഞ്ഞദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍നിന്നു പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പവര്‍ബാങ്കുമായി ഇനി നെടുമ്പാശേരി വിമാനത്താവളത്തില്‍ വരണ്ട; നിലവാരം കുറഞ്ഞ പവര്‍ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി