
കിരണ്‍ കൃഷ്ണ
സത്യത്തില്‍ ദേശീയപാത വികസനം ദേശീയപാത അതോറിറ്റി ചെയ്യുന്നതാണ്. അവര്‍ നിശ്ചയിക്കുന്ന റൂട്ടില്‍ സ്ഥലം ഏറ്റെടുത്തു നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഉയര്‍ന്നുവന്ന പാത നിര്‍ദേശങ്ങള്‍ക്ക് ഓരോന്നിനും ഓരോ തരത്തില്‍ എതിര്‍പ്പുകള്‍ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കീഴാറ്റൂര്‍ വയല്‍ വഴിയുള്ള ബൈപ്പാസില്‍ ഉറച്ചു നിന്നു. അവിടുത്തെ കര്‍ഷകരെ വിശ്വാസത്തില്‍ എടുക്കാനോ, ബദല്‍ തേടാനോ തയാറാകാതെ ധിക്കാരത്തോടെ പെരുമാറി. വയലിലെ സമരം വരമ്പിനപ്പുറം കടക്കില്ല എന്ന് കണക്കുകൂട്ടി…. പക്ഷെ കണക്കുകള്‍ പിഴച്ചു. സമരം സംസ്ഥാനം ഏറ്റെടുത്തു.
വയലില്‍ സമരം നടത്തിവന്നവരെ കളിയാക്കി വിളിച്ച പേരാണ് വയല്‍കിളികള്‍ എന്നത്. അത് സന്തോഷത്തോടെ സമരരംഗത്തുള്ളവര്‍ സ്വീകരിച്ചു… ഓര്‍മ്മയില്ലേ ഇലക്ഷന്‍ സമയത്ത്എല്‍.ഡി.എഫും യു.ഡി.എഫും ഇവന്‍റ്മാനേജ്മെന്‍റ് ഗ്രൂപ്പുകള്‍ക്ക് പണം നല്‍കിയാണ് പരസ്യ വാചകങ്ങള്‍ കണ്ടെത്തിയത് . കീഴാറ്റൂരില്‍ സി.പി.എമ്മിന്‍റെ സംഭാവനയാണ് ഈ ശ്രദ്ധേയമായ പേര്.

ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ പിന്തുണയോടെ നടത്തുന്ന സമരം എന്നായിരുന്നു സി.പി.എമ്മിന്‍റെ ഒരു ആരോപണം. വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ചു എന്നും, സമരംബി.ജെ.പി റാഞ്ചി എന്നുമായി സൈബര്‍ സഖാക്കളും സംസ്ഥാന സഖാക്കളും… പക്ഷെ അവര്‍ ഓര്‍ത്തില്ല ആറന്മുള നെല്‍വയല്‍ സമരത്തില്‍ കുമ്മനവും, എസ്.ഡി.പി.ഐയും യും അടക്കം ലോകത്തുള്ള സകല സംഘടനകളും സി.പി.എമ്മും, സി.പി.ഐയും ചേര്‍ന്നായിരുന്നു ആ സമരം നടത്തിയത് എന്ന്. അതുമാത്രമോ ഇപ്പോള്‍ കഴിഞ്ഞ ലോംഗ് മാര്‍ച്ചില്‍ ശിവസേനയുടെ പിന്തുണയും കിസാന്‍ സഭയ്ക്ക് ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം സഖാക്കള്‍ ഓര്‍ത്തില്ല. കിസാന്‍സഭ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്താനായി കൊടികുത്തുന്ന കാഴ്ച അതിമനോഹരം
കീഴാറ്റൂര്‍ വയലില്‍ അളവ് നടന്നപ്പോള്‍ സി.പി.എം സമരപന്തല്‍ കത്തിച്ചു. ആദ്യ ഘട്ടത്തില്‍ തങ്ങളല്ല കത്തിച്ചത് എന്നായി വാദം. ഒടുവില്‍ പാര്‍ട്ടി സഖാക്കള്‍ അറസ്റ്റിലായപ്പോള്‍ നില്‍ക്കക്കള്ളിയില്ലതായി. ഇവിടെയും സി.പി.എമ്മിന് പിഴച്ചു. ആ പന്തല്‍ കത്തിച്ചത് “കേരളം കീഴാറ്റൂരിലേക്ക് ” എന്ന സമരത്തിനു കാരണമായി. പാത ആകാശത്തുകൂടി കൊണ്ടുപോകാന്‍ആകില്ലല്ലോ എന്നുപറഞ്ഞു ഗോവിന്ദന്‍ മാഷ്… പക്ഷെ ജി.സുധാകരന്‍ ആകാശപാതയുടെ സാധ്യത തേടി.
ബദലുകളില്ല എന്ന് സി.പി.എം വിലപിച്ചപ്പോള്‍ സി.പി.എമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ബദലുകള്‍ മുന്നോട്ടുവച്ചു. തങ്ങളുടെ പ്രകടനപത്രികയിലെ പരിസ്ഥിതിസംരക്ഷണം എന്താണ് എന്ന് വിശദീകരിക്കാന്‍ ആകാതെ സി.പി.എം കുഴങ്ങി. പ്രധാന ഘടകകക്ഷിയായ സി.പി.ഐയും സമരത്തില്‍ വയല്‍കിളികള്‍ക്ക് ഒപ്പമായി.

കീഴാറ്റൂര്‍ സമരത്തിനു നേതൃത്വം നല്‍കുന്ന സുരേഷിന്‍റെ വീട്ടിലേക്കുള്ള വഴി വയല്‍ നികത്തിയാണ് എന്നായി അടുത്ത പ്രചരണം. സുരേഷ് മാത്രമല്ല കീഴാറ്റൂരിലെ മുഴുവന്‍ ജനങ്ങളുടെയും വീട്ടിലേക്കുള്ള വഴിയാണ് അതെന്നു മറന്നോആവോ… മാത്രമല്ല ആ റോഡിന്‍റെ പേര് “ഇ.എം.എസ് റോഡ്” എന്നാണെന്ന് ഇവര്‍ മറന്നു. വെറും തൊണ്ണൂറുമീറ്റര്‍ നീളത്തില്‍ എട്ടുമീറ്റര്‍ വീതിയിലാണ് “ഭീകരന്‍” സുരേഷിന്‍റെ വീട്ടിലേക്കു വഴി പണിതത്.. അതിന്‍റെ നിര്‍മ്മാണത്തിന് ശേഷവും കീഴാറ്റൂര്‍ വയലില്‍ നെല്‍കൃഷി നടക്കുന്നു. ബൈപ്പാസ് വന്നുകഴിഞ്ഞാല്‍ കൃഷിയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ “ഹരിതകേരളം” മിഷന്‍ കൃഷിചെയ്യും എന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നത്.
വയല്‍ക്കിളികള്‍ അല്ല കഴുകന്‍മാരെന്ന് പറഞ്ഞവര്‍ ഓര്‍ക്കുക മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പ്രാധാന്യമേറിയ പങ്കുണ്ട് കഴുകന്. എരണ്ട– ഇന്ത്യന്‍ എരണ്ടകളും , ദേശാടനപക്ഷികളായി വരുന്ന ഏരണ്ടകളും ഉണ്ട്. തണ്ണീര്‍തടങ്ങളിലാണ് എരണ്ടകള്‍ കാണപ്പെടുക. കീഴാറ്റൂരിലെ വയല്‍കിളികള്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനു പോരാടുന്നു. മാവോയിസ്റ്റ്…. ആ വിളിക്ക് മാത്രമാണ് ആശങ്ക ഉള്ളത്. വ്യാജഏറ്റുമുട്ടലില്‍കൂടി കൊന്നൊടുക്കും മുന്‍പ് വിളിച്ചപേരാണോ “മാവോയിസ്റ്റ്”
ആകെ നാലുപേരാണ് സമരത്തിനുള്ളത് ബാക്കി 56 പേരും പിന്‍വാങ്ങി….. മണിപ്പൂരില്‍ ഇറോംഷര്‍മിള ഒറ്റയ്ക്കാണ് സമരം ചെയ്തത്. പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിക്ക് എതിരെ മയിലമ്മയുടെ സമരത്തിനും ആദ്യം നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം കര്‍ഷകരും വയല്‍ വിട്ടുകൊടുക്കാന്‍ തയാറാണ്. പിന്നെന്തിനു സമരം എന്ന് സി.പി.എം. എല്ലാവരും വയല് വിട്ടുകൊടുത്ത് മണ്ണിട്ട് നികത്തി വിമാനത്താവളം പണിയാന്‍ പോയ ആറന്മുളയില്‍ ഇട്ട മണ്ണ് തിരികെ കോരി കൃഷിയിറക്കി, വിതയും-കൊയ്ത്തും ആഘോഷിച്ചതും ഈ സംസ്ഥാന സര്‍ക്കാര്‍ തന്നെ….. ഇതെന്തൊരു വിരോധാഭാസം? നിങ്ങള്‍ അനുകൂലിക്കാത്ത സമരങ്ങള്‍ എല്ലാം വികസനവിരുദ്ധം… നിങ്ങളല്ലാത്ത എല്ലാവരും മാവോയിസ്റ്റ്

സത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ പിടലിക്ക് ഇരിക്കെണ്ടുന്ന വിഷയം നിര്‍ബന്ധപൂര്‍വ്വം സ്വന്തം തലയില്‍ ചുമക്കുകയാണ് സി.പി.എം. അലൈന്‍മെന്റ് നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നിരിക്കെ ആവശ്യമില്ലാത്ത ധിക്കാരം സി.പി.എമ്മിനെ കുഴിയില്‍ ചാടിച്ചതാണ്. പാര്‍ട്ടി പറഞ്ഞിട്ടും കേള്‍ക്കാതെ പാര്‍ട്ടിഗ്രാമത്തില്‍ ഉയര്‍ന്നുവന്ന സമരശബ്ദത്തെ എന്ത് വിലകൊടുത്തും ഒതുക്കാമെന്ന് കരുതിപ്പോയി. നിരവധി പ്ലൈവുഡ് കമ്പനികളുടെ പരിസ്ഥിതിമലിനീകരണ പ്രശ്നങ്ങളില്‍ പാര്‍ട്ടിക്കാര്‍ സമരത്തിനു തുനിഞ്ഞപ്പോള്‍ ഒതുക്കിനിര്‍ത്തിയ സ്ഥലം എം.എല്‍.എ ജെയിംസ് മാത്യൂവിനും ഈ സമരത്തെ ഒതുക്കനായില്ല, പാര്‍ട്ടിക്കും കഴിഞ്ഞില്ല.
‘ഡേ സീറോ’ അഥവാ ജലരഹിതദിനം തുറിച്ചുനോക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൌണിനെ. കേരളം സഞ്ചരിക്കുന്നതും സമാനമായ വഴിയിലൂടെയാണ്. കുറഞ്ഞ ഭൂവിസ്തൃതിയില്‍ മുഴുവന്‍ വികസനം കുത്തിനിറച്ചാല്‍ കാലം കുറച്ചുകഴിയുമ്പോള്‍ മലയാളി അനുഭവിക്കും എന്നകാര്യം തിരിച്ചറിയണം. ഇന്നലെകളില്‍ നാം നികത്തിയ വയലുകളുടെ പിഴ ഇന്നത്തെ വേനലില്‍ തിരികെ അടയ്ക്കുന്നുണ്ട്. ഇനിയും കൂടുതല്‍ നികത്തലുകള്‍ ഒഴിവാക്കണം. അതിനായുള്ള സമരകാഹളമാണ് കീഴാറ്റൂര്‍. ഈ സമരം ഒരു രാഷ്ട്രീയപാര്‍ട്ടിയും ഹൈജാക്ക് ചെയ്യില്ല. കീഴാറ്റൂര്‍ സമരം നാളെയുടെ പ്രതീക്ഷയാണ്.
