
നടി രേവതി സമ്പത്തിന്‍റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്‍റെ ക്ലിപ്പിങ് കൊണ്ടാണ് സിദ്ദിഖ് പ്രതികരിച്ചതെന്നും ഇത് അപമാനകരമാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് അതില്‍ പറയുന്നു. പോസ്റ്റില്‍ ഒരിടത്തും സിദ്ദിഖിന്‍റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമെന്നാണ് അതില്‍ സിദ്ദിഖിനെ വിശേഷിപ്പിച്ചത്. ‘മീ ടു’ മൂവ്‌മെന്റിനെ പരിഹസിച്ച് ദിലീപ് നായകനായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലുണ്ടായിരുന്ന ഡിലീറ്റ് ചെയ്ത ഒരു സീനിനെയാണ് ഡബ്ലു.സി.സി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്‍റെ ക്ലിപ്പിങ് എന്നു വിശേഷിപ്പിച്ചതും.

പോസ്റ്റിന്‍റെ പൂർണ്ണരൂപം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്‍റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്‍റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.
നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി.
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
