പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട മാര്‍ക്കറ്റില്‍ പത്ത് ലക്ഷം വിലവരുന്ന 105 ഗ്രാം ചരസും 19 എല്‍ എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ പിടികൂടി. വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പഴയങ്ങാടി വെങ്ങര സ്വദേശി മുക്രിക്കാടന്‍ മാവിന്‍ കീഴില്‍ അഫ്സലി (26) നെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഗോവയില്‍ നിന്നു മുട്ടത്തേക്ക് കൊണ്ടുവരികയായിരുന്നു ലഹരി മരുന്നുകള്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാളുടെ ബാഗു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
വിദേശത്തായിരുന്ന അഫ്‌സല്‍ അടുത്തിടേയാണ് നാട്ടിലെത്തിയത്. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ലഹരി മരുന്നുകളെന്നും മലപ്പുറം കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശൃംഖലയിലെ കണ്ണിയാണ് അഫ്സലെന്നും എക്സൈസ് സംഘം പറഞ്ഞു. പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി സന്തോഷ്, ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പയ്യന്നൂരില്‍ 10 ലക്ഷം രൂപയുടെ മയക്കുമരുന്ന് വേട്ട; മലപ്പുറം കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശൃംഖലയില്‍പെട്ട ഒരാളെ അറസ്റ്റുചെയ്തു