പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്.പിയുടെ മറുചോദ്യം

  • Post category:news
  • Reading time:1 min read
You are currently viewing പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്.പിയുടെ മറുചോദ്യം

നിലയ്ക്കല്‍: നിലയ്ക്കലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമല സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതോടെയാണ് വാക്ക് തര്‍ക്കമാരംഭിച്ചത്. പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പോകുന്നുണ്ടല്ലോ അതുപോലെ എല്ലാ വാഹനങ്ങളെയും കടത്തിവിടണമെന്ന് മന്ത്രി പൊന്‍രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഗതാഗത തടസം ഉണ്ടാവുമെന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അവിടെ പാര്‍ക്ക് ചെയ്യാതെ മടങ്ങിവരുകയാണെന്നും എസ്.പി മന്ത്രിയെ അറിയിച്ചു.പൊലീസ് ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വാഹനങ്ങള്‍ കടത്തിവിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്ന് എസ്.പി മറുചോദ്യം ചോദിച്ചു. എന്നാല്‍ ഉത്തരം മുട്ടിയ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് എസ്.പിയെ അറിയിച്ചു. ഇതിനിടെ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും എസ്.പിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. നിങ്ങള്‍ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. എന്നാല്‍ മന്ത്രി ഉത്തരവിട്ടാല്‍ താന്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അത്തരത്തിലുള്ള അധികാരം തനിക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തുടരുകയായിരുന്നു.

0Shares