മുംബൈ: ‘പപ്പ നടന്നോളൂ, ഞാന്‍ വന്നേക്കാം’ മുംബൈ ദുരന്തത്തില്‍ മരിച്ച 25 കാരി ശ്രദ്ധ തന്നോട് പറഞ്ഞ അവസാനവാക്കുകളോര്ത്ത് മനംനൊന്ത് കഴിയുകയാണ് പിതാവ് കിഷോര്‍. കാര്യം പറഞ്ഞ് കേവലം പത്തുമിനിറ്റുകൊണ്ടാണ് തിക്കിലും തിരക്കിലും പെട്ട് കിഷോറിന് തന്റെ മകളെ നഷ്ടമായത്. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ ജീവനക്കാരായ ഇവര്‍ വെള്ളിയാഴ്ച്ച രാവിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം നിറഞ്ഞിരിക്കുന്നത് ഇവിടെ പതിവാണ്. അതിനാല്‍ ഇരുവരും മെല്ലെ മേല്‍പ്പാലത്തിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങിയതും ആളുകള്‍ മേല്‍പ്പാലത്തിലേക്ക് ഓടിക്കയറാന്‍ ആരംഭിച്ചു. ഇതോടെ ഓവര്‍ ബ്രിഡിജിലേക്കുള്ള വഴിയില്‍ തിരക്കും കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ആളുകളെ തള്ളിമാറ്റ് കിഷോര്‍ മുന്നില്‍ നടന്നെങ്കിലും ശ്രദ്ധ ആള്ക്കൂട്ടത്തില്പെട്ടുപോവുകയായിരുന്നു.
തിരക്കിന് മുമ്പേ ശ്രദ്ധ പിതാവിനോട് നടന്നുകൊള്ളാനും താന്‍ വന്നുകൊള്ളാമെന്നും വിളിച്ചു പറയുകയായിരുന്നു. പത്തു മിനിറ്റോളമെടുത്ത് കിഷോര്‍ പുറത്തെത്തിയെങ്കിലും തന്റെ മകള്‍ പുറത്തുവന്നില്ല. പിന്നീട് മൊബൈലില്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീടാണ് മകളെ നഷ്ടപ്പെട്ട കാര്യം 50 കാരനായ പിതാവ് അറിയുന്നത്. വേദനയില്‍ വിതുമ്പിയ അദ്ദേഹത്തിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ 22 പേരുടെ ജീവന് പൊലിയുകയും 30 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇടുങ്ങിയ മേല്‍പ്പാലത്തിലേക്ക് മഴ കാരണം ആളുകള്‍ ഓടിക്കയറിയുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്.