പനീര്‍ സെല്‍വം പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു; പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയായി

  • Post category:news
  • Reading time:1 min read
You are currently viewing പനീര്‍ സെല്‍വം പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു; പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയായി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പനീര്‍ സെല്‍വവും മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വിഭാഗവും തമ്മില്‍ ലയനം പൂര്‍ത്തിയായതോടെയാണ് ഒ പനീര്‍സെല്‍വം(ഒ.പി.എസ്) ഉപമുഖ്യമന്ത്രിയായത്. ധനകാര്യവകുപ്പും പാര്‍ട്ടി അധ്യക്ഷപദവിയും പനീര്‍സെല്‍വത്തിന് നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇനി പാര്‍ട്ടി ഉപാധ്യക്ഷനാകും. അണ്ണാ ഡി.എം.കെയെ നയിക്കാന്‍ ഒ.പി.എസ് അധ്യക്ഷനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പനീര്‍ശെല്‍വം ക്യാമ്പില്‍ നിന്നുള്ള പാണ്ഡ്യരാജന്‍ തമിഴ്ഭാഷാ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ജയലളിതയുടെ മരണശേഷം ഇരുവിഭാഗങ്ങളായി പിരിഞ്ഞ അണ്ണാ ഡി.എം.കെയില്‍ ആറു മാസത്തിനുശേഷമാണ് പനീര്‍സെല്‍വം പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിന് കാരണമായത്. ലയനം സാധ്യമായെങ്കിലും പനീര്‍സെല്‍വം വിഭാഗത്തിന് ഉപമുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിമാരെ മാത്രമാണ് ലഭിച്ചത്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പനീര്‍സെല്‍വം ലയന തീരുമാനം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീര്‍സെല്‍വം അവസാനമായി എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തിയത്.
വി.കെ.ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാന്‍ പ്രമേയം പാസാക്കാനും തീരുമാനമായി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ച് പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കും. ഒരുഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയ ലയനചര്‍ച്ചകളാണ് നാടകീയ നീക്കങ്ങളുമായി തിങ്കളാഴ്ച വീണ്ടും സജീവമായത്. രണ്ടുവിഭാഗങ്ങളും തമ്മില്‍ ലയിക്കണമെങ്കില്‍ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യം. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ചെന്നൈയില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. അതേസമയം, ടി.ടി.വി. ദിനകരന്‍ വിളിച്ച യോഗത്തില്‍ 19 എം.എല്‍.എമാരാണ് പരസ്യ പിന്തുണയുമായെത്തിയത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ പളനിസാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ 117 പേരുടെ പിന്തുണയാണ് വേണ്ടത്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ദിനകരനൊപ്പം പോയിരിക്കുന്ന എംഎല്‍എമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ 116 പേരുടെ പിന്തുണ ഇപ്പോള്‍ അണ്ണാ ഡി.എം.കെയ്ക്ക് ഉണ്ട്.

0Shares