പദവിയെ പറ്റി അറിഞ്ഞിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ലെന്ന് കുമ്മനം; സംഭവമറിഞ്ഞ ശേഷം ഞെട്ടിയത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing പദവിയെ പറ്റി അറിഞ്ഞിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ലെന്ന് കുമ്മനം; സംഭവമറിഞ്ഞ ശേഷം ഞെട്ടിയത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച സമ്മാനമാണോ ഗവര്‍ണര്‍ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതേ പറ്റി തനിയ്ക്ക് യാതൊരുവിധ അറിവുമില്ലെന്ന് കുമ്മനം രാജശേഖരന്റെ മറുപടി. പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മിസോറം ഗവര്‍ണറായി കുമ്മനത്തെ നിയമിച്ചെന്ന വാര്‍ത്ത കേട്ട് ഞെട്ടിയവരില്‍ ബി.ജെ.പി കേരള നേതൃത്വവും. ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല. കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങളില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകവുമായി ചര്‍ച്ച ചെയ്യാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കികൊണ്ടുള്ള രാഷ്ട്രപതിഭവന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. നിലവില്‍ നിര്‍ഭയ് ശര്‍മയാണ് മിസോറാമിന്റെ ഗവര്‍ണര്‍. ഇദ്ദേഹത്തെ മാറ്റിയാണ് കുമ്മനത്തെ നിയമിക്കാനുള്ള തീരുമാനം. ഇദ്ദേഹത്തിന്റെ കാലാവധി ഈ മാസം 28 ന് പൂര്‍ത്തിയാകുമെന്നും ഇതിനാലാണ് പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിക്കുന്നതെന്നുമാണ് രാഷ്ട്രപതിയുടെ നിയമന ഉത്തരവില്‍ പറയുന്നത്.

0Shares