
പത്തുകോടിവരെ മുതല്‍മുടക്കുള്ള വലിയ തോതിലുള്ള മലിനീകരണമുണ്ടാക്കാത്ത വ്യവസായങ്ങള്‍ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ തുടങ്ങാന്‍ കഴിയുംവിധം നിയമഭേദഗതിക്ക് നീക്കം. സര്‍ക്കാര്‍ നീക്കത്തെ കേരള ചെറുകിട വ്യവസായികളുടെ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) സ്വാഗതം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ പത്തുകോടി രൂപ വരെ മുതല്‍ മുടക്കുള്ള വ്യവസായം തുടങ്ങാന്‍ കഴിയും വിധം നിയമഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നത്.

മൂന്നുവര്‍ഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികള്‍ നേടിയിരിക്കണം. വലിയ മലിനീകരണമുണ്ടാക്കുന്നതല്ലാത്ത (ചുവപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയൊഴികെയുള്ള) വ്യവസായങ്ങളാണ് ഇത്തരത്തില്‍ തുടങ്ങാനാവുക. നിയമപരമായ അനുമതികള്‍ വൈകുന്നതു കാരണം സംരംഭകര്‍ക്കുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്.
പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കാനും ധാരണയായതായും മന്ത്രി അറിയിച്ചു. പ്രവാസി നിക്ഷേപകര്‍ക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സെല്‍ വഴി ലഭ്യമാകും. നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗജന്യകോള്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
