
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ നടക്കുന്നത് അസംബന്ധ പ്രചാരണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് പി. ജെ കുര്യന്‍. ശരിയല്ലാത്ത അഭ്യൂഹങ്ങള്‍ പരത്തുന്നത് മര്യാദകേടെന്നും കോണ്‍ഗ്രസിന്‍റെ രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു. മുന്‍പ് ഇതിലും വലിയ ഓഫറുകള്‍ വന്നിട്ട് സ്വീകരിച്ചിട്ടില്ലെന്ന് പറയാനും പി.ജെ കുര്യന്‍ മടിച്ചില്ല. ബി.ജെ.പിയിലേക്ക് താന്‍ പോകുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കാനുള്ളതാണെന്നും പി.ജെ കുര്യന്‍ ആരോപിച്ചു. ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതടക്കം കാര്യങ്ങളാണ് പി.ജെ കുര്യനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. എന്നാല്‍ എല്ലാം അസംബന്ധ പ്രചാരണങ്ങളെന്ന് പറഞ്ഞ് നിഷേധിച്ച കുര്യന്‍ തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാമായിരുന്നുവെന്നും പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബി.ജെ.പിയില്‍ മല്‍സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
