
തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി. പി. എം. ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകോറോവിനോട് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ വെച്ച് മന്ത്രി തോമസ് ഐസക്കിന്റെ മാപ്പപേക്ഷ. 2001-ല്‍ സുകോറോവിന്റെ ചിത്രമായ ‘ടോറസ് ‘ കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയ്‌ക്കെതിരേ സി. പി. എം. ബംഗാള്‍ ഘടകം അന്ന് രൂക്ഷവിമര്‍ശനമാണുന്നയിച്ചത്. ലെനിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിലൂടെ ആവിഷ്‌കരിച്ചത്. ആദ്യപ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമയ്‌ക്കെതിരേ പാര്‍ട്ടി രംഗത്തെത്തി. വിമര്‍ശനങ്ങളോട് സുകോറോവ് പ്രതികരിച്ചില്ല.

ഈ സംഭവങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സുകോറോവിനോട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി മാപ്പ് ചോദിച്ചത്. തന്റെ പ്രസംഗം റഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി സുകോറോവിന് നല്‍കുമെന്ന് തോമസ് ഐസക് ചടങ്ങില്‍ പറഞ്ഞു. ഈ ചലച്ചിത്രമേളയില്‍ ആജീവനാന്ത പുരസ്‌കാരം സുകോറോവിന് തോമസ് ഐസക് സമ്മാനിച്ചു.
