തിരുവനന്തപുരം: അക്രമിക്കാന്‍ വന്നയാള്‍ക്കെതിരെ പെണ്‍കുട്ടി ചെറുത്തുനിന്നു. കണ്ടുനിന്നവര്‍ ഇടപെട്ടതോടെ യുവാവ് പിടിയിലായി. തിരുവനന്തപുരത്ത് ജില്ലാ കോടതിക്ക് മുന്നിലാണ് പട്ടാപകല്‍ വിദ്യാര്‍ഥിയെ യുവാവ് അക്രമിക്കാന്‍ ശ്രമിച്ചത്. പതറാതെ പെണ്‍കുട്ടി ചെറുത്തുനില്‍ക്കുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തതോടെ അക്രമിയെ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് അറസ്റ്റുചെയ്ത അക്രമി കൊടുംക്രിമിനലാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡ് ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ മിനിവിലാസം വീട്ടില്‍ സതീഷ് (27) ആണ് അറസ്റ്റിലായത്.

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിനി കോടതിക്ക് മുന്നിലൂടെ നടന്നുപോകുമ്പോള്‍ എതിരേ വന്ന സതീഷ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി കയര്‍ത്തെങ്കിലും ഇയാള്‍ വീണ്ടും ആക്രമിച്ചു. പെണ്‍കുട്ടിയുടെ ധീരമായ ചെറുത്തുനില്‍പ്പ് കണ്ടുനിന്നവര്‍ ഓടിക്കൂടി പ്രതിയെ കീഴടക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് സതീഷ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവസമയത്ത് രക്ഷപ്പെട്ട രണ്ടുപേര്‍ പ്രതിക്കൊപ്പം തിരുവനന്തപുരം ജയിലില്‍ കഴിഞ്ഞവരാണ്. അവര്‍ ആലപ്പുഴ സ്വദേശികളാണ്.ഇവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കേസെടുത്തു.