പക്ഷപാതരഹിതമായ മത്സരാന്തരീക്ഷത്തെ ഇല്ലാതാക്കും; ‘പി.എം നരേന്ദ്ര മോദി’ സിനിമ തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തിറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Post category:news
  • Reading time:1 min read
You are currently viewing പക്ഷപാതരഹിതമായ മത്സരാന്തരീക്ഷത്തെ ഇല്ലാതാക്കും;  ‘പി.എം നരേന്ദ്ര മോദി’ സിനിമ തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തിറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി മോഡിയുടെ ജീവിതകഥയെ ആധാരമാക്കി നിർമിച്ച ചിത്രം ‘പി.എം നരേന്ദ്ര മോദി’ തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തിറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. രാജ്യത്ത് പക്ഷപാതരഹിതമായ മത്സരാന്തരീക്ഷത്തെ ഇല്ലാതാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്നു കണ്ടാണ് കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ചിത്രത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് തീയറ്ററുകളിലെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാല്‍, റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇതുപോലുള്ള വിഷയങ്ങളിൽ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു കോടതിയുടെ നിലപാട്.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
ഈ മാസം 11 നായിരുന്നു പി.എം നരേന്ദ്രമോദിയുടെ റിലീസിങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ അതേ ദിവസം തന്നെയാണ് രാജ്യത്ത് ആദ്യഘട്ട വോട്ടെപ്പ് നടക്കുന്നതും. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ 23 ഭാഷകളിലായാണ് സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നത്.

0Shares