ന്യൂസ് റും അനാലിസിസുകള്‍ക്കും സര്‍വേ ഫലങ്ങള്‍ക്കുമപ്പുറം ഈ തെരഞ്ഞെടുപ്പ് ഫലം മാറുമോ? ഒരു വിശകലനം

  • Post category:news
  • Reading time:1 min read
You are currently viewing ന്യൂസ് റും അനാലിസിസുകള്‍ക്കും സര്‍വേ ഫലങ്ങള്‍ക്കുമപ്പുറം ഈ തെരഞ്ഞെടുപ്പ് ഫലം മാറുമോ? ഒരു വിശകലനം

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നദിവസം, തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. മാതൃഭൂമി പത്രം ആ പരിപാടിയുടെതായി അടുത്തദിവസം പ്രസിദ്ധീകരിച്ചത് മോഡി പ്രസംഗിക്കുന്നതും നടക്കുന്നതും ചിരിക്കുന്നതും അടക്കം ഏഴ് ചിത്രങ്ങള്‍.

ബി.ജെ.പിക്കായി മാതൃഭൂമി അന്നത്തെ ദിവസം നീക്കിവെച്ചത് പത്രത്തിലെ 622 കോളം സെന്റിമീറ്റര്‍. യു.ഡി.എഫിനായി 246 സെന്റിമീറ്റര്‍. ഇടതുപക്ഷത്തിനായി 129 സെന്റിമീറ്റര്‍.മലയാള മനോരമ അന്നത്തെ ദിവസം മോഡിയുടെ പരിപാടി അടക്കം ബി.ജെ.പിക്കായി നീക്കിവെച്ചത് 365 കോളം സെന്റിമീറ്റര്‍. യു.ഡി.എഫിനായി 447 കോളം സെന്റിമീറ്റര്‍. ഇടതുപക്ഷത്തിനായി 121 സെന്റിമീറ്റര്‍.

നവമീഡിയ സാക്ഷരത പരിചയിച്ചിട്ടില്ലാത്ത ഏറ്റവും സാധാരണക്കാരെ വരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന, കേരളത്തില്‍ ഏറ്റവും പ്രചാരമുളള രണ്ട് ദിനപത്രങ്ങളിലെ ഒരു ദിവസത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ കണക്കാണിത്. ശബരിമല യുവതിപ്രവേശനം അടക്കമുളള വിഷയങ്ങളില്‍ ഈ പത്രങ്ങളുടെ ഒന്നാം പേജില്‍ അടക്കം വന്ന വാര്‍ത്തകളും, പ്രയോഗിച്ച ആചാരലംഘനമെന്നതും കൂടി കൂട്ടിവായിച്ച് പോകേണ്ടതുണ്ട്. ചര്‍ച്ച് ആക്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നേരം മനോരമ, അതിനെ എങ്ങനെയാണ് ചിത്രീകരിച്ചതെന്നും ഓര്‍മ്മിക്കണം.

ന്യൂസ് ചാനലുകളില്‍ എയര്‍ ചെയ്ത വാര്‍ത്തകളുടെയും പരിപാടികളുടെയും സമയം ഇതുപോലെ തരംതിരിച്ചും, സോഷ്യല്‍മീഡിയയില്‍ ഓരോ ദിവസവും ശരാശരി ഒരാള്‍ കണ്ട് പോകുന്ന രാഷ്ട്രീയ പോസ്റ്റുകളുടെയും നേതാക്കളുടെ ട്രോളുകള്‍ അടക്കമുളളതിന്‍റെയും കണക്കുകള്‍ കൂട്ടിയെടുക്കുക എന്നത് സങ്കീര്‍ണമാണെങ്കിലും ഇതിന്റെയൊക്കെ സ്വാധീനംകൂടി പ്രതിഫലിക്കുന്നതാകും തിരഞ്ഞെടുപ്പ്.

അതുകൊണ്ട് തന്നെ ശബരിമല അടക്കമുളള വിഷയങ്ങളുടെ അപ്രവചനീയതയെയും വിദ്വേഷ പ്രചാരണങ്ങളെയും പേടിക്കേണ്ടതുണ്ട്. ന്യൂസ് റും അനാലിസിസുകള്‍ക്കും സര്‍വേ ഫലങ്ങള്‍ക്കുമപ്പുറം ഈ തെരഞ്ഞെടുപ്പ് ഫലം മാറുമോ എന്നത് ഒരു വിവേചന ശക്തിയാണ്. അത് രാഷ്ട്രീയ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ജനങ്ങളുടെ കൈയ്യിലാണ്. നമുക്ക് അത് കൈമോശം വരില്ല എന്ന് പ്രതീക്ഷിക്കാം.

0Shares