ന്യൂസിലാന്‍ഡിനെ അട്ടി മറിച്ച് ബഗ്ലാ കടുവകള്‍.

  • Post category:news
  • Reading time:2 mins read
You are currently viewing ന്യൂസിലാന്‍ഡിനെ അട്ടി മറിച്ച് ബഗ്ലാ കടുവകള്‍.

ലണ്ടന്‍: തോല്‍വി മുന്നില്‍ കണ്ടിട്ടും ബഗ്ലാ കടുവകള്‍ ന്യൂസിലാന്‍ഡിനെ ഞെട്ടിച്ചു. ഏറ്റവും മനോഹരമായ ഇന്നിംങ്‌സിലൂടെ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും മഹമ്മദുളളയും ചേര്‍ന്ന് നടത്തിയ സ്വപ്നതുല്യമായ ബാറ്റിംഗ് പ്രകടനം ന്യൂസിലാന്‍ഡിനെ 5 വിക്കറ്റിന് അട്ടിമറിച്ചു. തോല്‍വി ഉറപ്പിച്ച് തുടങ്ങിയ ബംഗ്ലാദേശിന് ഷക്കീബും മഹമ്മദുളളയുമാണ് രക്ഷകരായത്. 266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലാദേശിന് ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് കിട്ടിയത്. രണ്ടാം പന്തില്‍ ഇന്‍ ഫോം ബാറ്റ്‌സ്മാന്‍ തമിം ഇഖ്ബാല്‍ പുറത്തായി. 3 റണ്‍സുമായി സൗമ്യ സര്‍ക്കാരും പിന്നാലെ സാബിര്‍ റഹ്മാനും മുഷ്ഫിക്കര്‍ റഹിമും പുറത്താകുമ്പോള്‍ ബംഗ്ലാ സ്‌കോര്‍ ബോര്‍ഡില്‍ ആകെ 33 റണ്‍സാണ്് ഉണ്ടായിരുന്നത്.ആദ്യസ്‌പെല്ലില്‍ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ കയ്യിലിട്ട് അമ്മാനമാടുകയായിരുന്നു ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. ആദ്യത്തെ മൂന്ന് പേരെയും സൗത്തി പുറത്താക്കി. തോല്‍വി മുന്നില്‍ കണ്ട് ബംഗ്ലാദേശ് പകച്ചുപോയ നിമിഷങ്ങളായിരുന്നെങ്കിലും ബംഗ്ലാ നിരയിലെ ഏറ്റവും കംപോസ്ഡ് ആയ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ബാക്കിയുണ്ടായിരുന്നു. ഷക്കീബ് അല്‍ ഹസനും മഹമ്മദുള്ളയും. ഇരുവരും ചേര്‍ന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ബംഗ്ലാദേശിന് 5 വിക്കറ്റ് ജയവും സെമി ഫൈനല്‍ പ്രതീക്ഷയും നല്‍കി. ന്യൂസിലന്‍ഡ് ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട് ഇവര്‍, 115 പന്തില്‍ 11 ഫോറും 1 സിക്‌സുമായി ഷക്കീബ് 114 റണ്‍സെടുത്തു പുറത്തായി. 107 പന്തില്‍ 8 ഫോറും 2 സിക്‌സുമായി മുഹമ്മദുള്ള പുറത്താകാതെ നിന്നു. ഷക്കിബാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് അടിച്ചത്. 63 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 57 റണ്‍സെടുത്തു. ഗുപ്ടില്‍ 33, നീല്‍ ബ്രൂം 36, ജെയിംസ് നീശം 23 എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിന് വേണ്ടി മൊസദേക് ഹസനാണ് 3 വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് എയില്‍ നിന്നും ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് എയിലെ അവസാന മത്സരം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ്. ഈ കളി ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്കും സെമി ഉറപ്പിക്കാം. എന്നാല്‍ ഓസ്‌ട്രേലിയ തോല്‍ക്കുകയോ, മഴമൂലം കളി മുടങ്ങുകയോ ചെയ്താല്‍ ബംഗ്ലാദേശിന് സാധ്യതയും ഉണ്ട്.

0Shares