ന്യൂനമര്‍ദം ശക്തമായതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം; ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; മൂന്നുദിവസം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

  • Post category:news
  • Reading time:2 mins read
You are currently viewing ന്യൂനമര്‍ദം ശക്തമായതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം; ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; മൂന്നുദിവസം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കന്യാകുമാരി മേഖലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പെടുത്തി. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തി. മല്‍സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പുനല്‍കി. തീരദേശ ജില്ലകളിലെ കലക്ടറേറ്റുകള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണമെന്നും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അടിയന്തര ഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്. തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമര്‍ദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 4050 കിലോമീറ്റര്‍ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 60-90 കിലോമീറ്ററിലേക്കുയര്‍ന്നാല്‍ രണ്ടാം നമ്പര്‍ അപായ സൂചന നല്‍കും, തുറമുഖം വിടുന്ന കപ്പലുകള്‍ക്കും മറ്റു മത്സ്യബന്ധന യാനങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതായിരിക്കും അന്നേരത്തെ കാറ്റ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കുപടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥ നീരിക്ഷണ മേധാവി ഡോ.സുദേവന്‍ അറിയിച്ചു. ഇപ്പോള്‍ ന്യൂനമര്‍ദം ലക്ഷദീപ് ഭാഗത്തേക്ക് നീങ്ങിപ്പോകുന്നതിനാല്‍ ബേപ്പൂരില്‍ നിന്നു ലക്ഷദീപിലേക്കുള്ള ബോട്ട് സര്‍വിസ് നിര്‍ത്തിവച്ചു. സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂമുകള്‍ 16 വരെ പ്രവര്‍ത്തിക്കണം.

0Shares