തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക് ഇത് എട്ടാംതവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ധനമന്ത്രി ഉന്നയിച്ചത്.
കിഫ്ബിയെ പ്രശംസിച്ച ധനമന്ത്രി, 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ആറ് മാസം കൊണ്ട് കിഫ്ബി കൈവരിച്ചത് നിര്‍ണ്ണായകമായ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രം നേരിടുന്നത് ഒട്ടകപ്പക്ഷി നയത്തിലൂടെയാണ്. ബാങ്കില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ല. അഞ്ച് മാസം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒടുങ്ങിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കിയിരിപ്പാണ് ഈ ബജറ്റില്‍ ഉണ്ടായിരിക്കുക എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ സുരക്ഷ പദ്ധതികള്‍ വിജയത്തിലെത്തിക്കാന്‍ ആയില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ പദ്ധതി നിര്‍വഹണം വിലയിരുത്താന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ജന്‍ഡര്‍ ഓഡിറ്റിങും ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി യുടെ പുനരുദ്ധാരണം ബജറ്റിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. കെ.എസ്.ആര്‍.ടി.സി യെ കരകയറ്റാനുള്ള ബൃഹദ് പദ്ധതികളും ഉള്‍പ്പെടുന്നതായിരിക്കും ഈ ബജറ്റ്.