നോട്ട് നിരോധനം മോദിയുടെ മണ്ടത്തരം; നാം അതിജീവനത്തിൻ്റെ മൂന്നാം വര്‍ഷത്തിലേക്ക്

  • Post category:news
  • Reading time:2 mins read
You are currently viewing നോട്ട് നിരോധനം മോദിയുടെ മണ്ടത്തരം; നാം അതിജീവനത്തിൻ്റെ മൂന്നാം വര്‍ഷത്തിലേക്ക്

ദില്ലി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരേപോലെ ദുരിതത്തിലാഴ്ത്തിയ നോട്ട് നിരോധനം ഒരു വലിയ അബദ്ധമായിരുന്നുവെന്നും, ബി.ജെ.പിയും പ്രധാനമന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി നടത്തിയ തൊഴിൽ- തൊഴിലില്ലായ്മാ സർവേകൾ നോട്ടു റദ്ദാക്കപ്പെട്ട കാലയളവില്‍ മാത്രം 15 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി. പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം കാര്‍ഷികമേഖലയുടെ നടുവൊടിച്ചു. കാര്‍ഷികേതര തൊഴിലുകള്‍ വന്‍തോതില്‍ നഷ്ടപ്പെട്ടു. ഒട്ടനവധി ചെറുകിട വാണിജ്യസ്ഥാപനങ്ങള്‍ക്ക് കച്ചവടം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു. എന്നാല്‍ ഇവയൊക്കെ നോട്ട് നിരോധനത്തിൻ്റെ ഉടന്‍ പ്രത്യാഘാതങ്ങള്‍ മാത്രമാണ്. നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയില്‍ സൃഷ്ടിച്ച ദൂരവ്യാപകമായ ആഘാതങ്ങള്‍ ഇതിലുമേറെയാണ്.
2015-16 വർഷം 8.01 ശതമാനം ജി.ഡി.പി വളർച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ടുനിരോധനത്തിനെത്തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഗണ്യമായി ഇടിഞ്ഞു. 2016- 17 ൽ 7.11 ശതമാനമായും 2017- 18ൽ 6.9 ശതമാനമായും കുറഞ്ഞു. നാലുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ‌് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തപ്പെട്ടത‌്. 2016- 18 കാലയളവിൽ ലോകത്തിലെ 120 ഓളം രാജ്യങ്ങൾ വളർച്ചാനിരക്കിൽ കുതിപ്പ‌് കൈവരിച്ചപ്പോഴാണ‌് ഇന്ത്യയുടെ പിറകോട്ടടിയുടെ ഈ കിതപ്പ്. നോട്ട് നിരോധനത്തിൻ്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചുമില്ല.ഏകദേശം നാല് ലക്ഷം കോടിയോളം കള്ളപ്പണം തിരിച്ചു പിടിക്കുവാന്‍ വേണ്ടിയാണ് ബി.ജെ.പി 15.41 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സി പിന്‍വലിച്ചത്. എന്നാല്‍, ഇതില്‍ 99.30 ശതമാനം കറന്‍സിയും തിരികെ വന്നു. അതിൻ്റെ അര്‍ത്ഥം വെറും 10,000/- കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ മാത്രമേ ഇനിയും തിരികെ വരാതെയുള്ളൂ എന്നാണ്. 2015-16 കാലയളവില്‍ 4.10 ലക്ഷം കള്ളനോട്ട് റിപ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-17 കാലയളവില്‍ അത് 7.33 ലക്ഷമായി വര്‍ദ്ധിച്ചു. സംശയകരമായ സാമ്പത്തിക വ്യവഹാരങ്ങളുടെ എണ്ണത്തില്‍ 480 ശതമാനം വര്‍ദ്ധനവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ നോട്ടുനിരോധനം വഴി സാധിക്കും എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, റിസെർവ് ബാങ്കിൻ്റെ തന്നെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരു വർഷംകൊണ്ട് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം മുന്‍കാലങ്ങളെ അപേക്ഷിച്ച് 38 ശതമാനം വർധിച്ചുവെന്നാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും പരാജയപ്പെട്ടു. കള്ളപ്പണം പോലെയുള്ള സമ്പാദ്യങ്ങള്‍ രൂപപ്പെട്ടുവരുന്ന വഴികള്‍ കണ്ടെത്തി അത് തടയുന്നതിനുള്ള കര്‍ശന നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്.

0Shares