നോട്ടപ്പുള്ളികള്‍ക്കിടയില്‍ പോലീസിൻ്റെ ഫോട്ടോ പിന്‍വലിച്ചു; വാസ്തവം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing നോട്ടപ്പുള്ളികള്‍ക്കിടയില്‍ പോലീസിൻ്റെ ഫോട്ടോ പിന്‍വലിച്ചു; വാസ്തവം ഇതാണ്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലും പരിസരപ്രദേശങ്ങളിലും ആക്രമണം നടത്തിയവരുടേതായി പത്തനംതിട്ട പൊലീസ് പുറത്തുവിട്ട 210 പേരുടെ ചിത്രങ്ങളില്‍ അബദ്ധത്തില്‍ പൊലീസുകാരനും ഉള്‍പ്പെട്ടു. പൊലീസിന് അബദ്ധം പറ്റിയത് സാമൂഹിക മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ചിത്രം പിന്‍വലിച്ചു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ റിക്കവറി വാന്‍ ഡ്രൈവറായ എസ്. ഇബ്രാഹിമിന്റെ ചിത്രമാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരിച്ചത്. 167-ാമത്തെ ചിത്രമാണ് ഇബ്രാഹിമിന്റേത്. നിലയ്ക്കലില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ പൊലീസ് റിക്കവറി വാനും തകര്‍ന്നിരുന്നു.
ഇതിനരികെ സാധാരണ വേഷത്തില്‍ നിന്നിരുന്ന ഇബ്രാഹിമിന്റെ ചിത്രം അബദ്ധത്തില്‍ പകര്‍ത്തിയതാണെന്നും ഇത് ഒഴിവാക്കിയെന്നും പത്തനംതിട്ട ഡിവൈ.എസ്.പി എസ്. റഫീക്ക് പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടുവെന്ന ആരോപണം ശരിയല്ല. ലുക്ക് ഔട്ട് നോട്ടീസല്ല, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് അത്. കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും പോലീസ് പറയുന്നു. പൊലീസ് മഫ്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

0Shares