ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. 2401.10 അടി ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങിയത്. ചെറുതോണി പാലം ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ചെറുതോണി ടൗണിന് സമീപമുള്ള ബസ്റ്റാന്‍ഡിന്റെ പകുതിയിലേറെ ഭാഗം തകര്‍ന്നിട്ടുണ്ട്. അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
രാവിലെ തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് സംഘം യാത്രതിരിച്ചത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നത്. സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറംതള്ളുന്നത്. ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരു ഷട്ടര്‍ കൂടി തുറന്ന് ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്.
നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്