
നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ പിന്നില്‍ ആരാണെന്നോ എന്താണ് കാരണമെന്നോ ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. തീവ്രമാവോയിസ്റ്റ് സംഘടനകളാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ സ്ഫോടനം ഒരു വീട്ടിലാണ് ഉണ്ടായത്. സ്ഫോടനത്തില്‍ വീടിന്‍റെ മതിലുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. പിന്നീടുണ്ടായ രണ്ടു സ്ഫോടനങ്ങളിലും രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ക്രൂഡ് ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 258 പേര്‍ മരണമടഞ്ഞിരുന്നു, 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐഎസ്‌ഐഎസ് ആണ് സ്ഫോടനം നടത്തിയത്.
