
കേരളത്തിൽ ഇടതുമുന്നണിയ്ക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഘടകകക്ഷി നേതാക്കൾ രംഗത്ത്. ശബരിമല വിഷയത്തിൽ ഇടതുമുന്നണി കൃത്യമായ നയമായിരുന്നു സ്വീകരിച്ചത് എന്നും എന്നാൽ അത് നടപ്പിലാക്കിയ രീതി തെറ്റായി പോയെന്നും ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയെന്നു ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള രംഗത്ത് വന്നിരുന്നു.

പിണറായി വിജയൻ ശൈലി മയപ്പെടുത്തണമെന്നും നേതാക്കളെക്കാൾ വലുതാണ് ജനമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിശ്വാസികളുമായി ശബരിമല വിഷയം ചർച്ച ചെയ്തു സമവായം ഉണ്ടാക്കണമായിരുന്നുവെന്നും ശബരിമല വിഷയത്തിൽ നിലപാട് കൃത്യമായിരുന്നെങ്കിലും അത് നടപ്പിലാക്കിയ രീതി തെറ്റായി പോയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിശ്വാസികളെ കൂടെ നിര്‍ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ ശബരിമല വിഷയം തെരഞ്ഞടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. താൻ തന്‍റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ ശൈലികൊണ്ട് തന്നെയാണ് താൻ ഇവിടം വരെ എത്തിയതെന്നും ഇനിയും ഈ ശൈലി പിന്തുടരുമെന്നുമായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് സി.പി.ഐ നേതാവ് മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിച്ചു രംഗത്ത് വന്നത്.
