
തായ്‌പേയ് (തായ്‌വാൻ): നെസാറ്റ് കൊടുങ്കാറ്റ് ആഞ്ഞടിച്ച തായ്‌വാനിൽ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വീടുകളിലേക്ക് വെള്ളം കയറി, വൈദ്യുതിയും വാർത്താവിനിമയവും താറുമാറായി, ഇവിടത്തെ ജനങ്ങൾ ദുരിതത്തിലാണ്.

മണിക്കൂറിൽ 112 മൈൽ വേഗത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വാഹനങ്ങളും ആളുകളും തെറിച്ചുവീണതായും, വെള്ളപ്പൊക്കവും പേമാരിയും മൂലം ചില സ്ഥലങ്ങളിൽ 34.5 അടിയോളം വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. വലിയ നാശനഷ്ടമാണ് ഇതുവരെ തായ്‌വാനിൽ ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തായ്‌വാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നൽകി.