
കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കനത്ത മൂടല്‍മഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിച്ചു. ഇന്നുരാവിലെ അവിടെ ഇറങ്ങേണ്ടിയിരുന്ന അഞ്ചു രാജ്യാന്തര വിമാനങ്ങളും രണ്ട് ആഭ്യന്തര സര്‍വീസുകളും വഴിതിരിച്ചു വിട്ടു. ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ-കൊച്ചി, ഒമാന്‍ എയര്‍വേസിന്റെ മസ്‌കറ്റ്- കൊച്ചി, ഇന്‍ഡിഗോയുടെ ദുബായ് കൊച്ചി, മസ്‌കറ്റ് കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസ് തുടങ്ങിയവയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് വഴിതിരിച്ചുവിട്ട രാജ്യാന്തര സര്‍വീസുകള്‍. ഇന്‍ഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരില്‍ ഇറങ്ങി. ഇന്‍ഡിഗോയുടെ പൂനെ-കൊച്ചി വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. കോയമ്പത്തൂര്‍, കരിപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.
ജെറ്റ് എയര്‍വേസിന്റെ ദുബായ്-കൊച്ചി, ദോഹ-കൊച്ചി, ഇന്‍ഡിഗോയുടെ ഹൈദരബാദ്-കൊച്ചി വിമാനങ്ങളും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനാകാതെ ഏറെ നേരം വട്ടമിട്ട് പറക്കേണ്ടിവന്നു. അതേസമയം കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വ്വീസിനെ മൂടല്‍ മഞ്ഞ് ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.