കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പെട്ടു. അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.24 നായിരുന്നു അപകടം. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയില്‍ ഇറങ്ങിയ ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് പോകവേയായിരുന്നു അപകടം. ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. വിമാനത്തില്‍ 102 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവം നടന്ന ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം സുരക്ഷാ ജീവനക്കാരെത്തി പുറത്തെത്തിക്കുകയും ചെയ്തു.
പലരുടെയും ലഗേജുകള്‍ കിട്ടിയിട്ടില്ല. ഇതിനാല്‍ യാത്രക്കാര്‍ വീട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ വിശദീകരണം തേടും. കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വിവരങ്ങളുണ്ട്. തെന്നിമാറി ഓടയിലേക്ക് പതിച്ച വിമാനം എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ ചേര്‍ന്ന് മാറ്റി.