ആലപ്പുഴ: ജീവിക്കാന്‍ നിവൃത്തിയില്ലാതെ വഴിയരികില്‍ ദോശ ചുടുന്ന സീരിയല്‍ നടി കവിതാ ലക്ഷ്മിയുടെ വീഡിയോ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു നടിയുടെ ദോശ ബിസിനസ്. എന്നാല്‍ മറ്റൊരു വാര്‍ത്ത ആലപ്പുഴയില്‍ നിന്നാണ്. നൂറുദിവസം നിറഞ്ഞോടിയ സിനിമയുടെ നിര്‍മാതാവാണ് ഇന്ന് ദോശമാവ് കുഴച്ച് വില്‍ക്കുന്നതെന്ന് പറയുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നാം. പക്ഷേ ഇപ്പോള്‍ ചെയ്യുന്ന ജോലിയിലും ആനന്ദം കണ്ടെത്തുകയാണ് നന്ദകുമാര്‍.
മമ്മൂട്ടിയ്ക്ക് സൂപര്‍ പദവി നല്‍കിയ സിനികള്‍ ഉള്‍പെടേ പത്തോളം പടത്തിന്റെ നിര്‍മാതാവായിരുന്നു. നന്ദന എന്ന ബാനറില്‍ നിര്‍മ്മിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും ഇപ്പോള്‍ ജീവിക്കുന്നതിന് വേണ്ടി കഷ്ടപാടുകളിലാണ് നന്ദകുമാര്‍.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള നായകന്‍മാരുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പണം മുടക്കിയ നന്ദകുമാര്‍ എന്ന നിര്‍മാതാവിന്റെ ജീവിതമാണ് ഇവിടെ പറയുന്നത്. ഇദ്ദേഹം ഇന്ന് ദോശമാവ് കുഴക്കുന്നു. സ്വന്തമായി വില്‍പ്പനയും നടത്തുന്നു. മുപ്പത് വര്‍ഷം മുമ്പ് തിയേറ്ററുകളില്‍ നിറഞ്ഞാടിയ മമ്മൂട്ടി ചിത്രം തനിയാവര്‍ത്തനം സിനിമാ പ്രേമികള്‍ക്ക് ഇന്നും മധുരമുള്ള ഓര്‍മകളാണ്. പഴയകാല കുടുംബ ചിത്രങ്ങളില്‍ ഒട്ടും പിന്നിലല്ല ഈ സിബി മലയില്‍ സിനിമ. സംവിധായകന്‍ സിബിമലയില്‍, തിരക്കഥാകൃത്ത് ലോഹിതദാസ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്കെല്ലാം വളര്‍ച്ചയുടെ പടവുകള്‍ തീര്‍ത്തു തനിയാവര്‍ത്തനം. പക്ഷേ നിര്‍മാതാവ് നന്ദകുമാറിന് കാലം ബാക്കിവച്ചത് മറ്റൊരു ജീവിതം. ഇപ്പോഴും പഴയ തനിയാവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ പലരും പരിചയപ്പെടുന്നു. തനിയാവര്‍ത്തനത്തിന്റെ നിര്‍മാതാവല്ലേ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ സ്ന്തോഷം തോന്നുന്നുവെന്നും നന്ദകുമാര്‍ ചാനലിനോട് പറഞ്ഞു. ആറ് സിനിമകളില്‍ ഒടുവിലെത്തേതാണ് കരീബിയന്‍സ്. അത് വേണ്ടില്ലായിരുന്നുവെന്ന് നന്ദകുമാറിന് തന്നെ തോന്നി. അക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് നന്ദകുമാര്‍. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, കരീബിയന്‍സ്. ആദ്യത്തേതെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒടുവില്‍ അടിത്തറയിളകാന്‍ തുടങ്ങി. 1997ല്‍ നിര്‍മിച്ച ചിത്രം മുതലാണ് നന്ദകുമാറിന് തിരിച്ചടി തുടങ്ങിയത്. പിടിച്ചുനില്‍ക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പുതിയ മേഖല തേടി. അങ്ങനെയാണ് ദോശമാവ് കുഴക്കാന്‍ തുടങ്ങിയത്. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് നന്ദകുമാറിന്റെ നിര്‍മാണ കമ്പനി. ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര്‍ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുന്നു.