നുമ്മ ചങ്ക്‌സിനൊപ്പം കാണാൻ ഇതാ ഒമറിന്റെ ‘ചങ്ക്സ്’ റിവ്യൂ വായിക്കാം

  • Post category:news
  • Reading time:2 mins read
You are currently viewing നുമ്മ ചങ്ക്‌സിനൊപ്പം കാണാൻ ഇതാ ഒമറിന്റെ ‘ചങ്ക്സ്’ റിവ്യൂ വായിക്കാം

സെയ്ദ് ഷിയാസ് മിർസ

എല്ലാ തവണയും ചക്ക വീണാൽ മുയല് ചാവില്ല എന്ന് തെളിയിക്കുന്നതാണ് ‘ചങ്ക്‌സ്’ എന്ന ഒമർ സിനിമ. ഹാപ്പി വെഡിങ്ങിലൂടെ ചെറിയ ഒരു കഥയെ മനോഹരമായി അവസാനിപ്പിക്കാൻ ഒമർ അബ്ദുൽ വഹാബ് എന്ന ഒമർ ലുലുവിന്റെ സംവിധാന മികവിന് കഴിഞ്ഞെങ്കിൽ അതേ ക്ളൈമാക്സ് മറ്റൊരു കുപ്പിയിലാക്കി ജനങ്ങൾക്ക് മുന്നിൽ വിൽപ്പനയ്‌ക്കെത്തിക്കാൻ തുനിഞ്ഞത് ക്ളൈമാക്സ് ശോകം സീനാക്കി എന്ന് തന്നെ പറയാം.

യുവാക്കളെ മുന്നിൽ കണ്ടു കൊണ്ട് ഒട്ടനവധി ദ്വയാർത്ഥ പ്രയോഗങ്ങളും തമാശകളും കോർത്തിണക്കിയ ഒരു കിടിലൻ കോമഡി എന്റർട്രെയ്നർ എന്ന ലേബൽ കിട്ടാൻ ‘ചങ്ക്‌സ്’ തീർത്തും അർഹമാണ്. വീട്ടിനുള്ളിൽ പറയാൻ മടിക്കുന്ന തമാശകൾ നാം കൂട്ടുകാരോടൊത്ത് കൂടുമ്പോൾ പങ്കു വയ്ക്കുന്ന അതേ മൂഡിലാണ് പടം മുന്നോട്ടു പോകുന്നത്.; അത് കൊണ്ട് അപ്പനും അമ്മയ്ക്കും ഒപ്പം പോയി ഈ പടം കാണുന്നതും മക്കളെ കൂട്ടി മാതാപിതാക്കൾ തിയേറ്ററിൽ എത്തുന്നതും അത്ര സുഖകരമല്ല. കാരണം ചിലതൊക്കെ കേൾക്കുമ്പോൾ ചിരിക്കാതെ മസിൽ പിടിച്ചിരിക്കേണ്ടി വരും അത്ര തന്നെ.

എൻജിനീയറിങ് പഠിക്കാൻ പോയിട്ടുള്ളവർക്കും ഇപ്പൊ പഠിച്ചോണ്ടിരിക്കുന്നവർക്കുമൊക്കെ നന്നായി ആസ്വദിക്കാൻ കഴിയുന്നതാണ് ആദ്യ പകുതി. സിനിമ ഒരു ചെറിയ വിഭാഗത്തിനു വേണ്ടി മാത്രമല്ല എന്നത് ഒമർ ഭായി എവിടെയൊക്കെയോ മറന്നു എന്ന് തോന്നി. നല്ല കിടിലൻ പയ്യന്മാരെ ഇറക്കി അർമാദിച്ച ഈ സിനിമയിൽ ഹണി റോസിനെ നായികയാക്കാൻ സംവിധായകന് പ്രേരണയായതെന്തെന്നു തലകുത്തി നിന്നിട്ടും എനിക്ക് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ലാറ്ററൽ എൻട്രിയിലൂടെ എൻജിനീയറിങ് പഠിക്കാനെത്തുന്ന മൂത്താപ്പമാർ എന്ന് വിളിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി സ്‌ക്രീനിൽ ജീവിച്ച ധർമ്മജൻ ബോൾഗാട്ടി പൊളിച്ചടുക്കി. സിനിമ തുടങ്ങി ആദ്യ ആറ് മിനിറ്റുകൾക്കുള്ളിൽ ഒരു ശരാശരി കോമഡി പടത്തിന് വേണ്ട ചിരി ഒരു മാലപ്പടക്കം പോലെ പൊട്ടിക്കാൻ ഈ ബ്ലഫ്‌മാസ്റ്റർക്കു കഴിഞ്ഞു എന്നത് മലയാള സിനിമയുടെ ഭാവി കോമഡി ആശാന്റെ സ്റ്റിയറിങ് ആ കൈകളിൽ ഭദ്രം ആണെന്ന സൂചനയാണ് നൽകുന്നത്.

ആനന്ദത്തിന്റെ ഹാങ്ങോവറിൽ നിൽക്കുകയാണെങ്കിലും കുപ്പി ഇതിലും അഭിനയം സ്റ്റൈലാക്കി. ഗണപതി.എസ്.പൊതുവാൾ ഈ പടത്തിലും ‘പാലും പഴവും കൈകളിലേന്തി…’ കുതിക്കുകയാണ്. ബാലു വർഗീസ് എന്ന നായക സ്ഥാനത്തുള്ള കഥാപാത്രം മാസ്സാണ് പക്ഷെ കറുത്ത നിറം അത്ര നന്നല്ല എന്നൊരു ചീപ്പ് മലയാളി കോംപ്ലക്സ് വർക്ക്ഔട്ട് ചെയ്യിക്കാൻ ബാലുവിനെ ഒമർ ഭായി കരുവാക്കരുതായിരുന്നു. ബാലു തകർത്തു. പ്രത്യേകിച്ച് കോളേജ് പയ്യനായുള്ള ആ അപ്പിയറൻസ് ഗംഭീരമായിരുന്നു സംഭാഷണത്തിലെ സ്വതസിദ്ധ ശൈലി ബാലുവിനെ ഉയരങ്ങളിലെത്തിക്കും. ഹരീഷ് കണാരൻ ധർമ്മജനുമായി തോളോട് തോൾ ചേർന്ന് നിന്ന് കോമഡി രംഗങ്ങളെ പൊലിപ്പിച്ചു.

ഒമറിന്റെ കഴിഞ്ഞ പടത്തിൽ ചെറിയ റോൾ ഗംഭീരമാക്കിയ മീര മൈക്കളിനെ ഈ പടത്തിൽ നന്നായി പരിഗണിച്ചതും ആ പരിഗണന പുള്ളിക്കാരി മുതലാക്കിയതും നല്ല ലക്ഷണമാണ്. ലാലിന്റെയും സിദ്ധിക്കിന്റെയും ഒക്കെ അഭിനയം പുട്ടിനു പീര പോലെ പയ്യന്മാരുടെ ഉഡായിപ്പുമായി ചേർന്ന് നിന്നതു കൊണ്ട് കല്ലുകടിയുണ്ടായില്ല. ക്ളൈമാക്സ് അത്ര പൊലിപ്പിക്കാൻ കഴിഞ്ഞില്ല എന്നതും ചങ്കായ കൂട്ടുകാരോട് ഇങ്ങനെയൊക്കെ കാണിക്കാമോ എന്ന ലോജിക്കൽ തിങ്കിങ്ങും ഒഴിവാക്കിയാൽ ഓവറാൾ നല്ല ഒരു പടം.

വാലറ്റം: നമ്മളൊക്കെ വെറും കൂതറകളാണ് എന്ന് സ്വയം ബോധ്യമാക്കി പോയാൽ ചിരിച്ച് അർമാദിക്കാൻ പറ്റിയ പടം തന്നെയാണ് ചങ്ക്‌സ്.

0Shares