നീറ്റ് പരീക്ഷയിലെ പരിശോധന; സ്ത്രീകളടക്കമുള്ള പരീക്ഷാര്‍ഥികള്‍ വസ്ത്രം അഴിക്കേണ്ടത് അനിവാര്യമോ..?

  • Post category:news
  • Reading time:2 mins read
You are currently viewing നീറ്റ് പരീക്ഷയിലെ പരിശോധന; സ്ത്രീകളടക്കമുള്ള പരീക്ഷാര്‍ഥികള്‍ വസ്ത്രം അഴിക്കേണ്ടത് അനിവാര്യമോ..?

കണ്ണൂര്‍: പരീക്ഷാര്‍ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി നീറ്റ് പരീക്ഷയിലെ വസ്ത്രം അഴിപ്പിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിലായിരുന്നു പരിശോധനയുടെ പേരില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നതോടെ സന്നദ്ധ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചത്. വിദ്യാര്‍ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും പരിഹാസ്യരാക്കുകയും ചെയ്യുന്ന ഇത്തരം പരിശോധനയ്‌ക്കെതിരെ മുഖ്യമന്ത്രിയും പ്രതിഷേധം അറിക്കുകയുണ്ടായി. ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധന നടത്താമെന്നിരിക്കെ ഇന്നലെ നടത്തിയ പരിശോധന അതിരുകടന്നതായിരുന്നു. അറിവും വിദ്യാഭ്യാസവും ഉള്ള കേരളീയ സമൂഹത്തില്‍ നിന്നു തന്നെ ഈ നാണംകെട്ട പരിശോധന പരീക്ഷാര്‍ഥികളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ് എത്തിച്ചത്. നാലു സ്ത്രീകളാണ് ഒരു ദയാധാക്ഷണ്യവും കൂടാതെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ശരീര പരിശോധന നടത്തിയത്. അടിവസ്ത്രം മുതല്‍ ജീന്‍സ് വരെ അഴിച്ചുള്ള പരിശോധനയായിരുന്നു. കൂടാതെ പല വിദ്യാര്‍ഥികളുടെയും വസ്ത്രങ്ങള്‍ കീറി കളയുകയും ചെയ്തു. പ്രവേശന പരീക്ഷാ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.

പരിശോധകര്‍ അവരുടെ ജോലി ചെയ്യുകയായിരുന്നു എന്നാണ് സി.ബി.എസ്. ഇ യുടെ വാദം. കടും നിറത്തിലുള്ള വേഷവും കൈയ്യും മുഖവും മറയ്ക്കുന്ന വസ്ത്രം, ഷൂസ്, വലിയ ബട്ടനുകള്‍ ഇവയെല്ലാം നിരോധിച്ചതാണ് എന്നായിരുന്നു അധികൃതരുടെ വാദം. രാജ്യത്തെ നൂറോളം നഗരങ്ങളില്‍ നടന്ന പരീക്ഷയിലെ കോപ്പിയടി തടയാനാണ് ഇത്തരം വന്‍ സന്നാഹം ഒരുക്കിയിരുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ശരീരം പരിശോധിക്കുന്നതിനിടെ ബീപ് ശബ്ദം കേട്ടാല്‍ അത് എന്താണെന്ന് കാണിച്ചു കൊടുക്കേണ്ടി വന്നു പരീക്ഷാര്‍ഥികള്‍ക്ക്. വസ്ത്രത്തിലെ ഹുക്ക് ആണെന്നു പറഞ്ഞിട്ടും അഴിച്ച് വച്ചതിന് ശേഷം ഹാളില്‍ പ്രവേശിച്ചാല്‍ മതി എന്ന് പരിശോധകര്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ഥികള്‍ പറയുന്നു. പരിശോധനയുടെ പേരില്‍ അധികൃതരുടെ മുന്നില്‍ വച്ച് വസ്ത്രം മാറേണ്ടി വന്നത് പരീക്ഷാര്‍ഥികളെ മാനസികമായി തളര്‍ത്തി. ചില പരീക്ഷാര്‍ഥികള്‍ പൊട്ടികരഞ്ഞു. പരീക്ഷയ്ക്ക് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള പരിശോധകരുടെ മനുഷ്യത്വ രഹിതമായ ഈ നടപടി ചിലര്‍ക്ക് കരി നിഴലായി മാറി. പരിശോധകരുടെ വാക്കുകളില്‍ കുട്ടികള്‍ക്ക് നേരിട്ട മാനസിക സമ്മര്‍ദ്ദം അവരുടെ പരീക്ഷയെ എറെ ബാധിച്ചു. ഇത്രയ്ക്കും അറപ്പുളവാക്കുന്ന പരിശോധനയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കത്തയക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ വസ്ത്രം അഴിപ്പിച്ച നീറ്റ് പരീക്ഷയിലെ പരിശോധന ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തില്‍ സി.ബി.എസ.്ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares