
തിരുവനന്തപുരം : നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് മൂന്ന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടി ചെന്നൈയിൽ അറസ്റ്റിൽ. അതേസമയം നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എം.ബി.ബി.എസ് പ്രവേശനം നേടിയ കേസിൽ മുഖ്യസൂത്രധാരന്‍ മലയാളിയാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്ക് ആളുകളെ ഏര്‍പ്പാടാക്കി കൊടുക്കുന്നതെന്ന് പിടിയിലായവർ മൊഴി നൽകി.
വേറെ ആളുകളെ വച്ച് പരീക്ഷയെഴുതി അഡ്മിഷൻ വാങ്ങിയെന്ന് വിവരം കിട്ടിയതിനെത്തുടർന്നാണ് തമിഴ്‍നാട് സി.ബി.സി.ഐ.ഡി ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കൊപ്പം കേസുമായി ബന്ധപ്പെട്ട് റാഫി, മുഹമ്മദ് ഷാഫി എന്നിവരെയും സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 മുതല്‍ തമിഴ്നാട്ടില്‍ പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്.

തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത ഇടനിലക്കാരൻ ജോർജ് ജോസഫിന്‍റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കി നല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരു ലക്ഷം രൂപ നല്‍കണം. പ്രവേശനം ഉറപ്പാകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി. സമാനരീതിയില്‍ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി മുഹമ്മദ് ഇർഫാന്‍ മൗറീഷ്യസിലേക്ക് കടന്നതായി സ്ഥിരീകരിച്ചു.
അതിനിടെ, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പോലീസിൽ പരാതി നൽകി. ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്. കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ഉദിത്ത് സൂര്യ, അഭിരാമി, പ്രവീണ്‍ രാഹുല്‍ എന്നിവരും ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
എസ്ആർഎം മെഡിക്കൽ കോളേജ്, ശ്രീബാലാജി മെഡിക്കൽ കോളേജ്, സത്യ സായി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെത്തുടർന്നാണ് ഇവരുടെ രേഖകൾ പരിശോധിച്ചതെന്ന് സി.ബി.സി.ഐ.ഡി വ്യക്തമാക്കി. എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഭിരാമിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനാണ്. അതിനാൽ അറസ്റ്റ് നടപടിയിലേക്ക് കടന്നില്ലെന്നും സി.ബി.സി.ഐ.ഡി വ്യക്തമാക്കുന്നു.
തേനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ ഉദിത് സൂര്യയിൽ നിന്നാണ് ഈ കേസിന്‍റെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. എം.ബി.ബി.എസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടാക്കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി.
രക്ഷിതാവിനെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് അന്തര്‍സംസ്ഥാന തട്ടിപ്പ് ശൃംഖലയുടെ സൂചനയാണ് ലഭിച്ചത്. ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്‍റെ മൊഴി. മഹാരാഷ്ട്ര, ബെംഗളുരു, ലക്നൗ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളായി ഇവര്‍ തെരഞ്ഞെടുത്തിരുന്നത്. എന്‍ട്രന്‍സ് പരിശീലകരോ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളോ ആയിരിക്കാം പരീക്ഷ എഴുതിയെതന്നാണ് പോലീസ് കരുതുന്നത്. സി.ബി.സി.ഐ.ഡി സംഘം ഏറ്റെടുത്ത അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് മലയാളികളായ ഇടനിലക്കാര്‍ക്ക് മുന്നിലാണ്.
