നീതികാത്ത് രാജ്യത്ത് കെട്ടികിടക്കുന്ന കോടികണക്കിന് കേസുകളില്‍ പെട്ടന്ന് നടപടിയുണ്ടാക്കണം; ജഡ്ജിമാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്

  • Post category:news
  • Reading time:2 mins read
You are currently viewing നീതികാത്ത് രാജ്യത്ത് കെട്ടികിടക്കുന്ന കോടികണക്കിന് കേസുകളില്‍ പെട്ടന്ന് നടപടിയുണ്ടാക്കണം; ജഡ്ജിമാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പുതിയ തീരുമാനം കൈകൊണ്ടു. വിവിധ ആവശ്യങ്ങള്‍ക്കായി കോടതി കയറുകയും നീതിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ജനതയുടെ പ്രയാസം മനസിലാക്കിയാണ് പുതിയ തീരുമാനം. നീതികാത്ത് രാജ്യത്തെ കെട്ടികിടക്കുന്നത് കോടികണക്കിന് കേസുകളാണ്. ഇതിനൊരു തീരുമാനമുണ്ടാകണം. ഇതിനായി ജഡ്ജുമാരുടെ നിലവിലുള്ള മല്ലേപോക്ക് സമീപനത്തില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചീഫ് ജസ്റ്റിസ്. ഇതിന്റെ ആദ്യ പടിയായി സുപ്രീം കോടതി ജഡ്ജിമാര്‍ മുതല്‍ മജിസ്‌ട്രേറ്റുമാര്‍വരെയുള്ളവര്‍ക്ക് അദ്ദേഹം നിയന്ത്രണം കൊണ്ടുവന്നു. കോടതി പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ക്ക് അവധികൊടുക്കില്ലെന്നതാണ് ഏറ്റവും പ്രധാന തീരുമാനം. കോടതി ദിവസങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കായും ഉദ്ഘാടനങ്ങള്‍ക്കായും സെമിനാറുകള്‍ക്കായും അവധിയെടുക്കുന്ന ജഡ്ജിമാരുടെ പരിപാടി ഇതോടെ അവസാനിക്കും. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിചാരണക്കോടതികളിലുമായി മൂന്നുകോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായാണ് ജഡ്ജിമാരുടെ അവധി നിഷേധിച്ചുകൊണ്ടുള്ള നടപടി. സുപ്രീം കോടതിയില്‍ മാത്രം ഏതാണ്ട് 55,000 കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. രാജ്യത്തെ 24 ഹൈക്കോടതികളിലായി 32.4 ലക്ഷം കേസുകളും തീര്‍പ്പാകാതെ കിടക്കുന്നു. കീഴ്ക്കോടതികളില്‍ വിധികാത്തുകിടക്കുന്നത് 2.77 കോടി കേസുകളാണ്. ഇതു തീര്‍പ്പാക്കുന്നതിനുള്ള അടിയന്തര നടപടികളെന്തൊക്കെയെന്ന് ചീഫ് ജസ്റ്റിസ് ഗഗോയ് കൊളീജിയം അംഗങ്ങളോടും ഹൈക്കോടതികളിലെ മുതിര്‍ന്ന ജഡ്ജിമാരോടും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചോദിച്ചിരുന്നു. അതില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.കോടതിയിലെ നടപടികളിലും വാദങ്ങളിലും അങ്ങേയറ്റം കണിശക്കാരനാണ് ജസ്റ്റിസ് ഗഗോയ്. അഭിഭാഷകര്‍ കഥകള്‍ മെനഞ്ഞ് വാദം നീട്ടിക്കൊണ്ടുപോകുന്നത് അദ്ദേഹം അനുവദിക്കാറില്ല. വസ്തുതകളല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കാറുമില്ല. കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയും. സെമിനാറുകളിലും ചടങ്ങുകളിലും പങ്കെടുക്കുക വഴി കോടതി ദിവസങ്ങള്‍ നഷ്ടപ്പെടുത്തുകയും കേസുകള്‍ നീട്ടിവെക്കുകയും ചെയ്യുന്നത് പൗരനോടുചെയ്യുന്ന നീതിനിഷേധമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.കോടതി നടപടികള്‍ക്കപ്പുറമുള്ള ജോലികളില്‍നിന്ന് ജഡ്ജിമാരെ മുക്തരാക്കണമെന്ന് അദ്ദേഹം ഹൈകക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു. താന്‍ നിര്‍ദേശിച്ച അച്ചടക്ക നടപടികള്‍ ജഡ്ജിമാര്‍ പാലിക്കുന്നുണ്ടോയെന്ന വിവരം കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം അടിയന്തരഘട്ടത്തിലല്ലാതെ കോടതി ദിവസങ്ങളില്‍ അവധിയെടുക്കരുതെന്ന് എല്ലാ ജഡ്ജിമാരോടും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കോടതി ദിവസങ്ങളില്‍ എല്‍.ടി.സി എടുത്ത് വിനോദയാത്ര പോകുന്നതിനും ജഡ്ജിമാര്‍ക്ക് വിലക്കുണ്ട്. കോടതി ദിവസങ്ങളില്‍ വിദേശത്ത് എല്‍.ടി.സി. പോകരുതെന്ന് സുപ്രീം കോടതി ജഡ്ജിമാരോട് 2013-14 കാലത്ത് ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കണമെന്നും ജസിറ്റിസ് ഗഗോയ് ഹൈക്കോടതി ചീഫ് ജസ്റ്റ്സുമാരോട് ആവശ്യപ്പെട്ടു. കീഴ്ക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ മൂന്നുമാസം കൂടുമ്പോഴാണ് ഇത്തരം പരിശോധന നടക്കാറ്. വിചാരണക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നീരീക്ഷിക്കാന്‍ താനും സഹപ്രവര്‍ത്തരും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares