നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ വധശിക്ഷയിലേക്ക്; തൂക്കു കയറുകൾ തയ്യാറാക്കാൻ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ വധശിക്ഷയിലേക്ക്; തൂക്കു കയറുകൾ തയ്യാറാക്കാൻ നിർദ്ദേശം

നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന് സൂചന. ബിഹാറിലെ ബുക്സാർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ജോലി ചെയ്യുകയാണിപ്പോൾ എന്നാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർജി പിൻവലിച്ചതോടെയാണ് ഈ നീക്കം. പത്ത് തൂക്കുകയറുകൾ തയ്യാറാക്കാനാണ് നിര്‍ദ്ദേശം കിട്ടിയിരിക്കുന്നത്.
തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബുക്സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്സാർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

നേരത്തേ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയർ തിഹാർ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്.

”എന്‍റെ മേലധികാരികൾ എന്നോട് പത്ത് തൂക്കുകയറുകൾ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം തന്നിരിക്കുന്നത്. ഏത് ജയിലിലേക്കാണ് ഈ കയറുകൾ നൽകേണ്ടത് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ കയറുകൾ നിർമിക്കാനുള്ള ജോലി ഞാൻ തുടങ്ങിക്കഴിഞ്ഞു”, ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ വ്യക്തമാക്കി.

മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം ബുക്സാർ ജയിലിൽ ലഭിക്കുന്നത്. നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന.

0Shares