നിഷാദ്‌ ഒരു വാക്സിൻ വിരോധിയല്ല, തന്റെ എല്ലാ കുട്ടികൾക്കും ഇതുവരെയുള്ള മുഴുവൻ വാക്സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ദേഹം. എന്താണ് ആ സ്കൂളിൽ അന്ന് സംഭവിച്ചത്‌?

  • Post category:news
  • Reading time:3 mins read
You are currently viewing നിഷാദ്‌ ഒരു വാക്സിൻ വിരോധിയല്ല, തന്റെ എല്ലാ കുട്ടികൾക്കും ഇതുവരെയുള്ള മുഴുവൻ വാക്സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ദേഹം. എന്താണ് ആ സ്കൂളിൽ അന്ന് സംഭവിച്ചത്‌?

മലപ്പുറം: മലപ്പുറം- തിരൂരില്‍ വാക്‌സിന്‍ കുത്തിവെപ്പ് തടയാനെത്തിയയാളോട് കൈകൂപ്പി കേണപേക്ഷിക്കുന്ന ഡോക്ടറുടെ ചിത്രത്തിന് പിന്നാലെയാണ് കേരളത്തിലെ വാക്സിന്‍ അനുകൂലികള്‍ പായുന്നത്. ഒരുപാട് വിമര്‍ശനങ്ങള്‍ ആണ് ഡോക്ടറെ തടയുന്ന ആ യുവാവ് സോഷ്യല്‍ മീഡിയയില്‍ അടക്കം നേരിടെണ്ടിവരുന്നത്. മലപ്പുറം ജില്ലയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം ശക്തമാണെന്ന് കാണിക്കുന്നതിന് വേണ്ടി ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ ഈ ഫോട്ടോയാണ് ഷെയര്‍ ചെയ്തത്. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായരും ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. എന്നാല്‍ അന്ന് തിരൂരില്‍ സംഭവിച്ചതിനെ പറ്റി ഈ ചിത്രത്തിലെ വില്ലനായി അവതരിപ്പിക്കപ്പെട്ട നിഷാദ് പൂക്കയില്‍ തന്നെ പറയുന്നു. എം.സി ഷഹീന്‍ എന്നയാളാണ് നിഷാദിന്റെ വിശദീകരണം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

ഒരു ഇന്റർവ്യൂ പോസ്റ്റ്‌
+++++++++++++++++++++++++

ഇത്‌ നിഷാദ്‌ പൂക്കയിൽ. മലപ്പുറത്ത്‌ വാക്സിൻ കുത്തിവെപ്പ്‌ തടയാൻ വരുന്ന വാക്സിൻ വിരോധികളായി മാതൃഭൂമിയും, കേരളത്തിലെ മുസ്ലിം‌ തീവ്രവാദിയായി ബി. ജെ. പി നേതാവ്‌ സുരേന്ദ്രനും, മുസ്ലീങ്ങളുടെ മതപരമായ വാക്സിൻ വിരുദ്ധത എന്ന് പ്രചരിപ്പിക്കാനായി യുക്തിവാദികളും, വാക്സിൻ അനുകൂലികളുടെ കയ്യടിവാങ്ങാനായി കളക്ടർ ബ്രോയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ചിത്രം ഇദ്ദേഹത്തിന്റേതാണ്.

സത്യത്തെ മനോഹരമായി എങ്ങനെയൊക്കെ വളച്ചൊടിച്ച്‌ ആടിനെ പട്ടിയാക്കി, പിന്നെ അതിനെ പേപ്പട്ടിയാക്കി എങ്ങനെ തല്ലിക്കൊല്ലാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്‌. നാരദ ന്യൂസ്‌ ഡോക്ടറെ ഉദ്ധരിച്ച്‌ എഴുതിയ റിപ്പോർട്ട്‌ പോലും ശുദ്ധ കളവാണ്.
നിഷാദ്‌ ഒരു വാക്സിൻ വിരോധിയല്ല, എന്ന് മാത്രമല്ല അദ്ദേഹം നല്ലൊരു വാക്സിൻ അനുകൂലി കൂടിയാണ്. തന്റെ എല്ലാ കുട്ടികൾക്കും ഇതുവരെയുള്ള മുഴുവൻ വാക്സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ദേഹം. റൂബല്ല വാക്സിൻ കുത്തിവെപ്പും തന്റെ കുട്ടികൾക്ക്‌ നൽകാൻ തയ്യാറായ വ്യക്തിയുമാണ്. എന്താണ് ആ സ്കൂളിൽ അന്ന് സംഭവിച്ചത്‌ എന്ന് നിഷാദ്‌ പറയുന്നു:

1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വ്യാഴാഴ്‌ച ആയുധ പൂജകാരണം സ്കൂൾ നേരത്തെ വിട്ടതിനു ശേഷം നടന്ന പി. ടി. എ എകസിക്യൂട്ടീവ്‌ യോഗത്തിൽ ആരോഗ്യ പ്രവർത്തകർ സ്കൂളിൽ നടക്കാൻ പോകുന്ന വാക്സിൻ കാമ്പിനെ പറ്റി വിവരിച്ചു. ആ യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ചുരുക്കം ചില രക്ഷിതാക്കൾക്ക്‌‌ മാത്രമാണു വാക്സിനെ കുറിച്ച്‌ അറിയിപ്പ്‌ കിട്ടിയത്‌. പിന്നീട്‌ വന്ന തുടർച്ചയായ അവധി ദിനങ്ങൾക്ക്‌ ശേഷം സ്കൂളിൽ വാക്സിൻ കൊടുക്കാൻ ആരോഗ്യ വകുപ്പ്‌ ജീവനക്കാർ എത്തി. ഈ വാക്സിൻ എടുക്കുന്ന വിവരം ഓരോ കുട്ടിയുടേയും രക്ഷിതാവ്‌ അറിയണമെന്നും രക്ഷിതാവിന്റെ അറിവില്ലാതെ വാക്സിൻ കൊടുക്കരുത്‌ എന്നുമാണ് സ്കൂളിൽ പോയി അന്ന് പറഞ്ഞത്‌. വാക്സിൻ എടുക്കുന്നതിനു മുമ്പ്‌, കുട്ടിക്ക്‌ എന്തെങ്കിലും രോഗമുണ്ടോ, എന്തെങ്കിലും മരുന്ന് കഴിക്കുന്ന കുട്ടിയാണോ എന്നൊക്കെ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഇക്കാര്യങ്ങൾ കുട്ടികളുടെ മാതാപിതാക്കൾക്കാണു കൃത്യമായി അറിയുക. അതുകൊണ്ട്‌ ഓരോ കുട്ടിയുടേയും മാതാപിതാക്കളുടെ അറിവോടെ മാത്രമേ വാക്സിൻ കൊടുക്കാൻ പാടുള്ളൂ എന്നാണ് ഡോക്ടറോട്‌ പറഞ്ഞത്‌.

തുടർന്ന് പി. ടി. എ ഭാരവാഹികളുമായും സ്കൂൾ അധികാരികളുമായും ബന്ധപ്പെട്ടു. ‌ ഓരോ ക്ലാസ്‌ ടീച്ചറും ഫോണിൽ മാതാപിതാക്കളുമായി ബന്ധപ്പെട്ട്‌ അവരെ വിവരമറിയിക്കുകയും സമ്മതം വാങ്ങിക്കുകയും ചെയ്യാനുള്ള ഏർപ്പാട്‌ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ ഡോക്ടർ വന്ന് ശബ്ദം കുറച്ച്‌ സംസാരിക്കൂ എന്നും, ഉള്ള കുട്ടികൾ തന്നെ എന്തോ പ്രശ്നമാണ് എന്ന് ഭയന്ന് തിരിച്ച്‌ പോകുമെന്ന് പറയുന്നതാണു, വാക്സിൻ തടയ‌രുതേ എന്ന് കേണപേക്ഷിക്കുന്നു എന്ന തരത്തിൽ മാത്രഭൂമി പത്രം പ്രസിദ്ധീകരിച്ചത്‌. അതിനെ പിന്നീട്‌ സ്ഥാപിത താൽപര്യക്കാർ പലരും അവരുടെ പലവിധ അജണ്ടകൾക്കായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണു ചെയ്തത്‌.

വാക്സിൻ അനുകൂലിയായ, തന്റെ കുട്ടികൾക്ക്‌ മുഴുവൻ വാക്സിനും നൽകിയ നിഷാദിനെ വാക്സിൻ വിരുദ്ധനാക്കിയതിൽ കെ. എസ്‌. ഇ. ബി താൽകാലിക ജീവനക്കാരനായി കുടുമ്പം പുലർത്തുന്ന നിഷാദ്‌ ദുഖിതനാണ്. അതിനേക്കാളുപരി, തന്റെ വേഷത്തിന്റേയും രൂപത്തിന്റേയും പേരിൽ ഒരു സമുദായത്തെ മുഴുവൻ വാക്സിന്റെ മറവിൽ തീവ്രവാദികളാക്കാൻ ശ്രമിക്കുന്ന വർഗീയ പ്രചാരകരോടുള്ള അമർഷത്തിലാണദ്ദേഹം. സോഷ്യൽ മീഡിയയിലും മാതൃഭൂമി പത്രത്തിലും കാര്യമറിയാതെയും കരുതികൂട്ടിയും പലരാലും പ്രചരിപ്പിച്ച കള്ള വാർത്തയുടെ ഏറ്റവും പുതിയ ഇരയാണിന്നദ്ദേഹം. ഭീഷണിയുടെ സ്വരത്തിൽ വരുന്ന ഫോൺകോളുകൾ വേറെ. മെട്രോയിൽ മദ്യപിച്ച്‌ ലക്കുകെട്ട്‌ കിടന്നുറങ്ങുന്നു എന്ന പേരിൽ ഒരു പാവം ബധിരനും മൂകനുമായ വ്യക്തിക്ക്‌ സംഭവിച്ച സമാനമായ ദുരനുഭവമാമാണ് ഇന്ന് നിഷാദിനും സംഭവിച്ചത്‌.

നിഷാദിന് ഇപ്പോൾ താൻ നേരിടുന്ന സൈബർ ആക്രമണത്തെ നേരിടാനുള്ള കരുത്ത്‌ സത്യമേവ ജയതേ എന്ന ആപ്തവാക്യമാണെന്ന് നിഷാദ്‌ പറയുന്നു. പിന്നെ മുഴുവൻ കുട്ടികളും സര്‍ക്കാരിന്റെ വാക്സിൻ യജ്ഞത്തിൽ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നും അദ്ദേഹം ഇപ്പോഴും ആവശ്യപ്പെടുന്നു.

0Shares