ന്യൂഡല്‍ഹി: ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രി. അപ്രതീക്ഷിത മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനത്തിലും പാര്‍ട്ടിയെയും നേതാക്കളെയും ഞെട്ടിച്ച് നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും. ഇന്ദിരാഗാന്ധിക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍. ആദ്യം ജെയ്റ്റ്‌ലി തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നിര്‍മല സീതാരാമനു പ്രതിരോധ വകുപ്പിന്റെ ചുമതല നല്‍കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം വകുപ്പ് സഹമന്ത്രിയാകും. അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്‍.പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അധിക ചുമതലയായാണ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് പ്രതിരോധ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് ഒരു വനിതയെ നിയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച നിര്‍മ്മല സീതാരാമന്‍, നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ദില്ലി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. പി.എച്ച്.ഡി, എംഫില്‍ ബിരുദവും നേടിയിട്ടുണ്ട്. ബി.ബി.സിയില്‍ മാധ്യമപ്രവര്‍ത്തകയായും നിര്‍മ്മല പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ വനിതാകമ്മിഷന്‍ അംഗമായിരുന്നു അമ്പത്തിയെട്ടുകാരിയായ നിര്‍മല. നാരായണന്‍ സീതാരാമന്‍ സാവിത്രി ദമ്പതികളുടെ മകളാണ്.
അപ്രതീക്ഷിത നീക്കങ്ങളാണ് കേന്ദ്ര മന്ത്രിസഭയില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇപ്പോഴത്തെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും വിശ്വസ്ഥയാണ് നിര്‍മ്മല സീതാരാമന്‍. ഇപ്പോള്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൈകുന്നേരം ഒരു സുരക്ഷാ സമ്മേളനത്തിനായി ജപ്പാനിലേക്ക് പുറപ്പെടുന്നുണ്ട്. ഈ യാത്ര മാറ്റി വെയ്ക്കില്ലെങ്കിലും വകുപ്പ് നിര്‍മ്മല സീതാരാമന് കൈമാറുമെന്നാണ് സൂചന. അഴിമതി രഹിത ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയുന്ന ആളാണെന്ന വിലയിരുത്തലാണ് പ്രധാനമന്ത്രി നിര്‍മ്മലയെ പരിഗണിക്കാന്‍ കാരണം. പാര്‍ട്ടിയുടെ വിശ്വസ്തയെന്ന ട്രാക്ക് റെക്കോര്‍ഡും പൊതുവെ ജൂനിയറായ നിര്‍മ്മലക്ക് തുണയായി. സുരേഷ് പ്രഭുവിനെ വാണിജ്യ വകുപ്പിലേക്ക് മാറ്റും. പിയൂഷ് ഗോയല്‍ റെയില്‍വെ മന്ത്രിയാകും. ഉമാ ഭാരതി കൈകാര്യം ചെയ്യുന്ന ജലവിഭവ മന്ത്രാലയം നിതിന്‍ ഗഡ്കരിക്ക് കൈമാറും. ഗംഗാ ശുദ്ധീകരണവും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും. ഉമാഭാരതിക്ക് കുടിവെള്ള,ശുചിത്വ വകുപ്പ് മാത്രമായിരിക്കും ഉണ്ടാവുക. നഗരവികസനം സ്വതന്ത്രചുമതല ഹര്‍ദീപ് സിംഗ് പുരിക്ക് നല്‍കും. ധര്‍മ്മേന്ദ്രപ്രധാന് നൈപുണ്യവികസനത്തിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്മൃതി ഇറാനിക വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ തുടരും. ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം സ്മൃതി ഇറാനിയില്‍ നിന്ന് മാറ്റി വേറെ ആര്‍ക്കെങ്കിലും നല്‍കുമെന്നും സൂചനയുണ്ട്. ചെറുകിടവ്യവസായ സ്വതന്ത്ര ചുമതല ഗിരിരാജ് സിംഗിന് നല്‍കി. സന്തോഷ് ഗാംഗ്വര്‍ ആണ് തൊഴില്‍മന്ത്രി.
