ന്യൂഡല്‍ഹ: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേര്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നുള്ളു. പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പ്രതികളായ പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നാലാം പ്രതിയായ അക്ഷയ് ഠാക്കൂര്‍ (33) ഇതുവരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടില്ല. വാദം പൂര്‍ത്തിയായെങ്കിലും അക്ഷയ്ക്ക് ഹര്‍ജി സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടായിരുന്നു. 2012 ഡിസംബര്‍ 16 ന് ആണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. ബലാത്സംഗം ചെയ്തതിന് പുറമേ ക്രൂരമായി മുറിവേല്‍പ്പിച്ചായിരുന്നു കുറ്റവാളികള്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ബസിനു പുറത്തേക്കു വലിച്ചെറിയുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു.
ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാംസിങ് വിചാരണഘട്ടത്തില്‍ 2013 ല്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. ബാക്കിയുള്ള നാല് പ്രതികള്‍ക്ക് സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതി 2013 സെപ്റ്റംബര്‍ 13ന് തൂക്കുകയര്‍ വിധിച്ചു. 2017 ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചു. ഇതിനുപിന്നാലെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നിര്‍ഭയ കൊലക്കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; പുനഃ പരിശോധനാ ഹര്‍ജി തള്ളി